കോട്ടയം: കാലിത്തീറ്റ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്. കോട്ടയത്ത് മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
കനത്ത പ്രതിസന്ധിയിലാണ് മധ്യകേരളത്തിലെ ക്ഷീര കർഷകർ. ഭക്ഷ്യ വിഷബാധയേറ്റ പശുക്കളുടെ പാൽ ഉൽപാദനം കുത്തനെ കുറഞ്ഞു. ആയിരക്കണക്കിന് രൂപയുടെ ചികിൽസ ചെലവും പ്രതിസന്ധിയായി. നഷ്ടപരിഹാര കാര്യത്തിൽ കാലിത്തീറ്റ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നത്. കെ എസ് കാലിത്തീറ്റ കഴിച്ച അഞ്ചു ജില്ലകളിലെ പശുക്കൾക്കാണ് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റത്.
സർക്കാർ കണക്കനുസരിച്ച് കോട്ടയം ജില്ലയിൽ മാത്രം 250 ഓളം പശുക്കൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം ജില്ലകളിലെ കണക്കുകൂടി ചേരുമ്പോൾ രോഗബാധിതരായ പശുക്കളുടെ ആകെ എണ്ണം ആയിരം കടക്കും. കെ എസ് കമ്പനി പുറത്തിറക്കിയ ഒരു ബാച്ച് കാലിത്തീറ്റയാണ് വിഷബാധയ്ക്ക് കാരണമെന്ന അനുമാനത്തിലാണ് കര്‍ഷകരും മൃഗസംരക്ഷണ വകുപ്പും. പാൽ സൊസൈറ്റികൾ വഴി തീറ്റ വാങ്ങിയ കർഷകർക്ക് മാത്രം നാമമാത്ര നഷ്ടപരിഹാരം നല്‍കി പ്രശ്നത്തില്‍ നിന്ന് തടിയൂരാനാണ് കമ്പനി ശ്രമമെന്ന് ആരോപണമുണ്ട്.
Be the first to comment