കോട്ടയം: മണിമലയില്‍ വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ മകന് വിനീഷിനേയും സെല്‍വരാജനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകള്‍നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം.
മണിമല ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലാണ് തീപിടിത്തമുണ്ടായ വീട്. എല്ലാവരും ഉറക്കമായതിനാല്‍ ആരും സംഭവമറിഞ്ഞില്ല. തീ വീടിന്റെ എല്ലാ ഭാഗത്തേക്കും പടര്‍ന്നു. ഇതിനിടെ മുകളിലെ നിലയില്‍ നിന്ന് വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയതിനു ശേഷം താഴേക്കു ചാടി രക്ഷപ്പെടുന്നതിനിടെ പരിക്കേല്‍ക്കുകയും ചെയതു. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന സെല്‍വരാജനെയും രാജത്തെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നു പുറത്തെത്തിച്ചു. എന്നാല്‍ രാജത്തിന്റെ നില ഗുരുതരമായിരുന്നു. പൊള്ളലേറ്റതും വിഷപ്പുക ശ്വസിച്ചതുമാണ് രാജത്തിന്റെ മരണത്തിന് ഇടയാക്കിയത്. മണിമല പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ആദ്യം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തിയത്. വീട്ടിലെ മോട്ടര്‍ ഉള്‍പ്പെടെ കത്തിപ്പോയത് കാരണം കിണറ്റില്‍നിന്നു വെള്ളം കോരി തീയണയ്ക്കാനായിരുന്നു ശ്രമം. ഇതിനിടെ താഴത്തെ നില പൂര്‍ണമായും നശിച്ചു. വാഹനമെത്താന്‍ വഴിയില്ലാത്തതിനാല്‍ കാഞ്ഞിരപ്പള്ളി അഗ്നിശമനസേന ഒരു കിലോമീറ്ററോളം നടന്നാണ് സംഭവ സ്ഥലത്തെത്തിയത്. അപ്പോഴേയ്ക്കും വീട് മുഴുവന്‍ കനത്ത പുക നിറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Be the first to comment