ഹവാല ഇടപാട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ ആസ്തികള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജോയ് ആലുക്കാസ് ഗ്രൂപ്പിനെ ഞെട്ടിച്ചാണ് മിന്നല്‍ റെയിഡിലൂടെ ഗ്രൂപ്പിന്റെ ഹവാല ഇടപാടുകള്‍ കഴിഞ്ഞ ദിവസം ഇഡി കണ്ടെത്തിയത്.
ഇന്ത്യയില്‍ നിന്നു ഹവാല ചാനലുകള്‍ വഴി കോടികള്‍ ദുബായിലേക്ക് കടത്തുകയാണ് ജോയ് ആലുക്കാസ് ചെയ്തത്. ഫെമ ആക്ടിന്റെ നഗ്നമായ ലംഘനമാണ് ജോയ് ആലുക്കാസ് നടത്തിയത്. ഇന്ത്യയില്‍ നിന്നു ഹവാല വഴി കടത്തിയ കോടികള്‍ ജോയ് ആലുക്കാസ് തന്റെ തന്നെ ദുബായിലുള്ള ജോയ് ആലുക്കാസ് ജ്വല്ലറിയില്‍ നിക്ഷേപിക്കുകയായിരുന്നു എന്നാണ് ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
ഇഡി കണ്ടുകെട്ടിയതില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശൂര്‍ ശോഭ സിറ്റിയിലെ വീടും ഭൂമിയും ഉള്‍പ്പെടെ 81.54 കോടി വിലമതിക്കുന്ന ആസ്തികളുണ്ട്. മൂന്നു ബാങ്ക് അക്കൗണ്ടുകളിലായി 91.22 ലക്ഷം, മൂന്ന് ഫിക്സഡ് ഡിപ്പോസിറ്റുകളിലായി 5.58 കോടി രൂപ, ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി വിലമതിക്കുന്ന ഷെയറുകള്‍ എന്നിവയും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശൂരിലെ കോര്‍പ്പറെറ്റ് ഓഫീസിലും വീട്ടിലും അടക്കം അഞ്ചിടങ്ങളിലാണ് ഈ മാസം 22 നു ഇഡി റെയ്ഡ് നടത്തിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഔദ്യോഗിക രേഖകളും ജീവനക്കാരുടെ മെയിലുകള്‍ പരിശോധിച്ചതോടെ ഹവാല ഇടപാടില്‍ ജോയ് ആലുക്കാസിന്റെ പങ്കാളിത്തം ഇഡി കണ്ടെത്തുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ ഇഡി അറിയിക്കുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഫോർബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ ജൂവലറി ഉടമകളുടെ അതിസമ്പന്ന പട്ടികയിൽ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി. രാജ്യത്തെ ഏറ്റവും വലിയ ജൂവലറി റീട്ടെയിലർമാരിൽ ഒരാളാണ് ജോയ് ആലുക്കാസ്.
ജോയ് ആലുക്കാസിന് ഇന്ത്യയിലും ഗൾഫിലുമായി പതിനൊന്ന് രാജ്യങ്ങളിൽ 130 റീട്ടെയിൽ ജൂവലറി ഷോപ്പുകളുണ്ട്. മണിഎക്സ്ചേഞ്ച് ബിസിനസ്സും ഉണ്ട്. ഒമാൻ ദുബായ് യുഎഇ കുവൈറ്റ് എന്നിവടങ്ങളിൽ അറുപതോളം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുണ്ട്. ജോളി സിൽക്സ് എന്ന പേരിൽ ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സിന്റെ അഞ്ചു യൂണിറ്റ് കേരളത്തിൽ ഉണ്ട്. പതിനായിരത്തില്‍ താഴെ തൊഴിലാളികളുമുണ്ട്.
Be the first to comment