പുകയില്‍ മുങ്ങി കൊച്ചി; വലഞ്ഞ് ജനം

എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ പിടിത്തത്തെ തുടർന്ന് ഉയരുന്ന പുക കൊച്ചി നഗരത്തെ കീഴടക്കുന്നു. വൈറ്റില, തേവര, കുണ്ടന്നൂർ, പനമ്പള്ളി നഗർ പ്രദേശങ്ങളിലെല്ലാം പുക നിറഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ചയാണ് തീ പിടിത്തം ഉണ്ടായത്. പത്തിലധികം ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകളാണ് തീയണയ്ക്കല്‍ ശ്രമം നടത്തുന്നത്. ഇന്നലെ രാത്രിയും തീ ആളിപടരുന്ന സാഹചര്യം ഉണ്ടായി. ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കാന്‍ നാവികസേന സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെയാണ് തീ അനിയന്ത്രിതമായത്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടര്‍ന്നു. 50 അടിയോളം ഉയരത്തില്‍ കിടക്കുന്ന മാലിന്യത്തിലേക്ക് പടർന്ന തീ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളെ പൂർണമായും പുകയിൽ മുക്കി. 

ബ്രഹ്‌മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്പലമുകള്‍, പെരിങ്ങാല, ഇരുമ്പനം, കാക്കനാട് പ്രദേശങ്ങളില്‍ പുകശല്യം രൂക്ഷമായിട്ടുണ്ട്. പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും രൂക്ഷമാണ്. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായി. കോര്‍പ്പറേഷന്റെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നു. മാലിന്യ സംസ്‌കരണത്തിനായി പ്ലാന്റിലുണ്ടായിരുന്ന നൂറോളം തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ബ്രഹ്മപുരത്ത് എത്തിക്കുന്ന ജൈവമാലിന്യം വളമാക്കി മാറ്റാനുള്ള കരാർ എറ്റെടുത്തിരിക്കുന്നത് കൊച്ചിയിലെ സ്റ്റാർ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ കരാർ കാലാവധി മാർച്ച് ഒന്നിന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാലിന്യപ്ലാന്‍റിൽ തീപിടിത്തമുണ്ടായത്. തീപിടത്തിത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ശാസത്രീയ പരിശോധനയിലൂടെ മാത്രമേ കാരണം വ്യക്തമാകൂ എന്ന് നിലപാടിലാണ് അധികൃതർ.

Be the first to comment

Leave a Reply

Your email address will not be published.


*