കൊച്ചി: കൊച്ചി ബ്രഹ്മപുരത്തെ തീപ്പിടുത്തം അഞ്ചാം ദിവസം പൂർണ്ണമായി കെടുത്താനായില്ല. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയെന്ന് അഗ്നിരക്ഷാ സേന ആവർത്തിച്ചു. മാലിന്യം നിക്ഷേപിക്കാൻ പകരം സ്ഥലം കണ്ടെത്താത്തതിനാൽ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലാണ്.
27 അധികം ഫയർ യൂണിറ്റുകൾ അഞ്ച് ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീയാണ് അണക്കാനായത്. ഇന്ന് കൊണ്ടും പൂർണ്ണായി തീ അണക്കാനാകില്ലെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. കൂടുതൽ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ലക്ഷ്യം .എങ്കിൽ മാത്രമെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ. പുകഞ്ഞ് കത്തുന്ന പുക ഇന്നും നഗരത്തിന്‍റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം, കലൂർ, വൈറ്റില എന്നിവിടങ്ങളിലും പിന്നിട്ട് ബ്രഹ്മപുരത്ത് നിന്ന് 20 കിലോ മീറ്റർ ദൂരെയുള്ള അരൂർ ഭാഗത്തേക്കും പുക എത്തി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം രണ്ടു ദിവസം കൊണ്ട് പൂർണമായും അണക്കാൻ സാധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പരിഭ്രാന്തിയുടെ സാഹചര്യം ഇല്ല. വായു ഗുണനിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ആശുപത്രികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
Be the first to comment