വാക്കുകളുടെ തെരഞ്ഞെടുപ്പാണു മാധ്യമങ്ങളുടെ പക്ഷത്തിന്റെ സൂചകം; മന്ത്രി പി. രാജീവ്

വാർത്തയ്ക്ക് ഉപയോഗിക്കാൻ തെരഞ്ഞെടുക്കുന്ന വാക്കുകളിലൂടെ മാധ്യമങ്ങൾ ഏതു പക്ഷത്തു നിൽക്കുന്നവരാണെന്നു വ്യക്തമാകുമെന്നു വ്യവസായനിയമ വകുപ്പ് മന്ത്രി പി. രാജീവ്. വാർത്തയ്ക്കുള്ളിലെ കുത്തിലും കോമയിലും പോലും ഇതു കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള മാധ്യമ ഭാഷാ ശൈലീ പുസ്തകം തയാറാക്കുന്നതിനായി കേരള മീഡിയ അക്കാദമി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വാക്കുകൾ സ്വാഭാവികമായി വന്നുചേരുന്നതല്ല, ബോധപൂർവ്വം തെരഞ്ഞെടുക്കുന്നതാണ്. ഒരു കുത്തിലും കൊമയിലും പോലും ഇത് നമുക്ക് കാണാൻ സാധിക്കും. കൂടിയെന്നും കൂട്ടിയെന്നുമുള്ള വാക്കുകൾ വായനക്കാരനിലുണ്ടാക്കുന്ന പ്രതികരണം രണ്ടാണ്. കൂട്ടി എന്നെഴുതുമ്പോൾ ആര് കൂട്ടിയെന്ന ചോദ്യം വായനക്കാരനിലുണ്ടാകും. കൂടിയെന്ന് കേട്ടാൽ അത് സ്വാഭാവികമായ എന്തോ ഒന്നാണെന്നേ വായനക്കാരന് തോന്നുകയുള്ളൂ. മാധ്യമസ്ഥാപനം പ്രതിനിധാനം ചെയ്യുന്ന പക്ഷത്തിനോട് ചേർന്നുനിൽക്കുന്ന വാക്കുകളുടെ തെരഞ്ഞെടുപ്പും അവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്. പാചകവാതക വില കൂട്ടിയെന്നും പാചകവാതക വില കൂടിയെന്നും എഴുതുന്ന മാധ്യമങ്ങൾ രണ്ട് പക്ഷത്ത് നിൽക്കുന്നവരാണെന്ന് ഈ വാക്കുകളുടെ തെരഞ്ഞെടുപ്പിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും.

വാക്കുകൾ കാലവുമായി ചേർന്നു നിൽക്കുന്നതാണ്. ആശയ സംവേദനത്തിനുള്ള ഉപകരണം എന്ന നിലയ്‌ക്കൊപ്പംതന്നെ ഓരോ ചരിത്രഘട്ടവുമായി ബന്ധപ്പെട്ടാണു നിലനിൽനിൽക്കുന്നതും അർഥപരിണിതി സംഭവിക്കുന്നതും. പൊതുവേ ഉപയോഗിക്കാൻ കഴിയുന്ന നിരവധി വാക്കുകളുണ്ടാകും. എന്നാൽ ചില സാഹചര്യങ്ങളിൽ ചില മാധ്യമങ്ങൾക്ക് ആ വാക്കുകൾതന്നെ പോരാതെ വരും. ഉപയോഗിക്കുന്ന സാഹചര്യം പ്രയോഗിക്കുന്ന കാലം തുടങ്ങിയവയുടെ ഘട്ടത്തിൽ പൊതുസ്വീകാര്യത എല്ലാ മാധ്യമങ്ങൾക്കും ഒരേ പോലെ സ്വീകരിക്കാൻ കഴിയുമോയന്നതിൽ സന്ദേഹമുണ്ടെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*