12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. ബ്രഹ്മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഫയര്‍ ആന്റ് റെസ്ക്യൂ, റവന്യൂ, നേവി, എയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, ഹോംഗാർഡ്, കോര്പ്പറേഷന്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, ആരോഗ്യം, എക്സകവേറ്റർ ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീയണയ്ക്കാനായത്. സ്മോള്‍ഡറിംഗ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ വരെ നിതാന്ത ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കും. ഇതിനാവശ്യമായ എസ്കവേറ്ററുകളും ഉപകരണങ്ങളുണ്ട്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ചായിരുന്നു പുക അണയ്ക്കല്‍. വിവിധ വകുപ്പുകളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തില്‍ പൂര്‍ണമായും പുകയണയ്ക്കാന്‍ കഴിഞ്ഞതായി റീജിയണല്‍ ഫയര്‍ ഓഫീസര്‍ പറഞ്ഞു.
Be the first to comment