കോട്ടയം മെഡിക്കല്‍ കോളജിലെ ഗര്‍ഭിണികളുടെ വാര്‍ഡില്‍ മൂട്ടശല്യം രൂക്ഷം

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗര്‍ഭിണികളുടെ വാര്‍ഡില്‍ മൂട്ട ശല്യം. രൂക്ഷമായ മൂട്ട ശല്യത്തിന്‍റെ ദൃശ്യങ്ങളടക്കം രോഗികളുടെ കൂട്ടിരിപ്പുകാരില്‍ ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ മണിക്കൂറുകള്‍ക്കകം ആശുപത്രിയിലെ കിടക്കകള്‍ അധികൃതര്‍ അണുവിമുക്തമാക്കി. 

ശനിയാഴ്ച വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളജിലെ ഗര്‍ഭിണികളുടെ വാര്‍ഡില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. ഉത്തരേന്ത്യക്കാരിയായ ഗര്‍ഭിണിയുടെ ശരീരമാണ് ആശുപത്രിയിലെ മൂട്ട കടിയേറ്റ്  ചൊറിഞ്ഞു തടിച്ചത്. ചികില്‍സയില്‍ കഴിഞ്ഞിരുന്ന മറ്റൊരു ഗര്‍ഭിണിയുടെ കൂട്ടിരിപ്പുകാരിയായെത്തിയ വെച്ചൂര്‍ സ്വദേശിനി കാഞ്ചനയുടെ നേതൃത്വത്തിലാണ് ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്. മൂട്ടശല്യത്തില്‍ പൊറുതി മുട്ടിയതു കൊണ്ടാണ് വീഡിയോ ചിത്രീകരിച്ച് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കേണ്ടി വന്നതെന്ന് കാഞ്ചന പറഞ്ഞു.

വീഡിയോ പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം വാര്‍ഡിലെ കിടക്കകള്‍ മുഴുവന്‍ അധികൃതര്‍ ഇടപെട്ട് മാറ്റി. പുതിയ കിടക്കകളും വിരിപ്പുകളും എത്തിക്കുകയും ചെയ്തെന്നും കാഞ്ചന വെളിപ്പെടുത്തി. കിടക്കകള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കാനുളള കരാര്‍ വെയര്‍ ഹൗസിങ് കോര്‍പറേഷനാണ് നല്‍കിയിരിക്കുന്നതെന്നും കൃത്യമായി അണുവിമുക്തമാക്കിയാലും ചില ഘട്ടങ്ങളില്‍ മൂട്ടശല്യം ഉണ്ടാകാറുണ്ടെന്നുമാണ് സൂപ്രണ്ട് പറയുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*