സർക്കാർ അധ്യാപകർക്കെല്ലാം അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം; കരടുനയവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ അധ്യാപകർക്ക് അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. നിലവിൽ സർക്കാർ ജീവനക്കാർക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകർക്കും ബാധകമാക്കാനാണ് നീക്കം. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി. അധ്യാപക സംഘടനകളുമായി ചർച്ച നടക്കാത്തതിനാൽ പരിഷ്കാരം പുതിയ അധ്യയനവർഷം നടപ്പാക്കുമോയെന്നു വ്യക്തമല്ല. വർഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കിൽ സർക്കാരിന്റെ നയപരമായ തീരുമാനവും വേണ്ടിവരും.

ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരെല്ലാം പുതിയ നയത്തിന്റെ പരിധിയിൽ വരും. അഞ്ചുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇപ്പോൾ തന്നെയുണ്ട്. സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയർ സെക്കൻഡറി അധ്യാപകനിയമനം. എൽ.പി., യു.പി., ഹൈസ്കൂൾ എന്നിവയിലേക്കാവട്ടെ ജില്ലാതല പി.എസ്.സി. പട്ടികയിൽ നിന്നാണ് നിയമനം. അതുകൊണ്ടുതന്നെ, നിയമനം ലഭിച്ച ജില്ലയിൽത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ നയവും.

അധ്യാപകർ ഒരേ സ്ഥലത്തുതന്നെ തുടരുന്നത് സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. കഴിവുറ്റ അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാനും സ്ഥലംമാറ്റ പരിഷ്കാരം സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. മന്ത്രി വി. ശിവൻകുട്ടിക്കും ഇക്കാര്യത്തിൽ അനുകൂല നിലപാടാണെന്ന് അറിയുന്നു. 

ജീവനക്കാർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം എന്നതാണ് സർക്കാർ ജീവനക്കാർക്കുള്ള പൊതുവ്യവസ്ഥ. ഒരു സ്ഥലത്ത് അഞ്ചുവർഷത്തിൽ കൂടുതൽ തുടരാൻ പാടില്ല. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരിടത്ത് മൂന്നുവർഷം സർവീസായാൽ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചു വർഷത്തിലൊരിക്കൽ എന്തായാലും മാറ്റമുണ്ടാവും.

വിശദ ചർച്ച നടത്തി മാത്രമേ പരിഷ്കാരം കൊണ്ടുവരാവൂവെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ ആവശ്യപ്പെട്ടു. കാലോചിത പരിഷ്കാരം അനിവാര്യമാണെങ്കിലും കൂടിയാലോചനയില്ലാതെ നടപ്പാക്കരുതെന്ന് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*