ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ദേവസ്വത്തിന്റെ അനുമതി. എത്ര സമയം വരെ വിവാഹങ്ങൾ ആവാം എന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല. 60 വർഷം മുമ്പ് വരെ ഹൈന്ദവ വിവാഹങ്ങൾ രാത്രിയിലാണ് നടന്നിരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ദേവസ്വം എത്തിയത്.
നായർ സമാജം ജനറൽ കൺവീനർ വി അച്യുതക്കുറുപ്പ് തൻറെ മകൻറെ വിവാഹം വൈകിട്ട് നടത്താൻ ദേവസ്വത്തിൽ അപേക്ഷ നൽകിയിരുന്നു.. ഇത് അംഗീകരിച്ച ദേവസ്വം 2022 ഡിസംബർ 19ന് അഞ്ചുമണിക്ക് വിവാഹം നടത്താൻ അനുമതി നൽകി. ഇതാണ് രാത്രിയിലും വിവാഹം നടത്തുന്ന കാര്യത്തിൽ ദേവസ്വം തീരുമാനം എടുക്കുന്നതിലേക്ക് വഴിവച്ചത്.
60 വർഷം മുമ്പ് വരെ ഹൈന്ദവ വിവാഹങ്ങൾ ഏറെയും രാത്രിയിലാണ് നടത്തിയിരുന്നത്. ഈ രീതി വീണ്ടും പരിഗണിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. നിലവിൽ പുലർച്ചെ അഞ്ചു മുതൽ ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ഒന്നര വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. ഇതിൽ മാറ്റം വരുത്തുന്ന തീരുമാനമെടുക്കാൻ കൂടുതൽ കൂടിയാലോചനകൾക്ക് ക്ഷേത്രം അഡ്മിനിസ്ട്രേറ്ററെ ഭരണസമിതി ചുമതലപ്പെടുത്തി.
Be the first to comment