ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ വിലതകര്‍ച്ച നിക്ഷേപാവസരമായി ചില്ലറ നിക്ഷേപകര്‍ വിനിയോഗിക്കുന്നു. അദാനി ഗ്രൂപ്പിലെ പത്ത് കമ്പനികളില്‍ എട്ടിലും ചില്ലറ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചു.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ വാങ്ങാന്‍ ചില്ലറ നിക്ഷേപകര്‍ മുന്നോട്ടുവന്നു. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ അദാനി എന്റര്‍പ്രൈസസില്‍ 1.86 ശതമാനമായിരുന്ന ചില്ലറ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 3.41 ശതമാനമായി ഉയര്‍ന്നു. അദാനി പോര്‍ട്‌സിലെ ഓഹരി പങ്കാളിത്തം 2.86 ശതമാനത്തില്‍ നിന്നും 4.1 ശതമാനമായും അദാനി ഗ്രീന്‍ എനര്‍ജിയിലേത് 1.06 ശതമാനത്തില്‍ നിന്നും 2.33 ശതമാനമായും ഉയര്‍ന്നു.
ഓഹരി വിലയില്‍ കൃത്രിമത്വവും അക്കൗണ്ടിംഗ് തിരിമറികളും കാട്ടിയെന്ന് ആരോപിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് ജനുവരി 24ന് പുറത്തുവന്നതിനു ശേഷം തങ്ങള്‍ക്കുണ്ടായ ആഘാതത്തില്‍ നിന്നും മറികടക്കാന്‍ അദാനി ഗ്രൂപ്പ് പല തരത്തിലുള്ള ശ്രമങ്ങളാണ് നടത്തിയത്. മാര്‍ച്ച് ആദ്യവാരം യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഓഹരി നിക്ഷേപക സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സിന് നാല് ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ വിറ്റതു വഴി 15,446 കോടി രൂപ സമാഹരിച്ചത് അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായയിലുണ്ടായ ആഘാതം കുറയ്‌ക്കാന്‍ ഏറെ സഹായകമായി. കടം തിരിച്ചടയ്‌ക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കാനാണ് വില്‍പ്പന നടത്തിയത്.
അദാനി എന്റര്‍പ്രൈസസിന്റെ 3.4 ശതമാനം ഓഹരികള്‍ 1410.86 രൂപയ്‌ക്കും അദാനി പോര്‍ട്‌സിന്റെ 4.1 ശതമാനം ഓഹരികള്‍ 596.2 രൂപയ്‌ക്കും അദാനി ട്രാന്‍സ്‌മിഷന്റെ 2.5 ശതമാനം ഓഹരികള്‍ 504.6 രൂപയ്‌ക്കും അദാനി ഗ്രീന്‍ എനര്‍ജിയുടെ 3.5 ശതമാനം ഓഹരികള്‍ 668.4 രൂപയ്‌ക്കുമാണ് ജിപിക്യു പാര്‍ട്‌ണേഴ്‌സ് വാങ്ങിയത്. ജിപിക്യു പാര്‍ട്‌ണേഴ്‌സ് വാങ്ങിയ വില ഈ ഓഹരികളുടെ സമീപകാലത്തെ താങ്ങ് വിലയായി പരിഗണിക്കപ്പെടുമെന്നാണ് അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നത്.
Be the first to comment