വാഹന ഉടമയ്ക്ക് ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല; ജില്ലാ ഉപഭോക്തൃ കമ്മിഷൻ

പ്രീമിയം സ്വീകരിച്ചശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

ഏലിയാമ്മയുടെ ഭർത്താവ് കുര്യൻ 2015 ഡിസംബറിൽ ചോക്കാട് കല്ലാമൂലയിൽവെച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിച്ചത് ചെറുമകനായിരുന്നു. വാഹന ഉടമയ്ക്ക് പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെങ്കിലും ഇൻഷുറൻസ് തുക നൽകാൻ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ലൈസൻസില്ലെന്ന കാരണത്താൽ കമ്പനി തുക നിഷേധിച്ചു. തുടർന്നാണ് ഭാര്യ ഏലിയാമ്മ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

വാഹന ഉടമയുടെയും കുടുംബത്തിന്റെയും പരിരക്ഷയാണ് ഓണർ കം ഡ്രൈവർ പോളിസിയുടെ ഉദ്ദേശ്യമെന്നിരിക്കെ പ്രീമിയം സ്വീകരിച്ചശേഷം ഇൻഷുറൻസ് നിഷേധിക്കുന്നത് അനുചിതമായ നടപടിയാണെന്നും പരാതിക്കാരിക്ക് തുക നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു. ഒരു വാഹനത്തിന്റെ ഉടമയാകാന്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമില്ല എന്നിരിക്കെ വാഹന ഉടമയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ലൈസന്‍സ് വേണമെന്ന നിബന്ധനക്ക് അടിസ്ഥാനമില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപ ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയോടെ നല്‍കണമെന്നും സേവനത്തില്‍ വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവില്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*