കോട്ടയം വൈക്കം തലയാഴത്ത് ബംഗാള്‍ സ്വദേശിനി കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പരിശോധന നടത്തും. നാലു മാസം മാത്രം ഗര്‍ഭിണിയായിരുന്ന യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് മറവു ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
തലയാഴത്ത് വാടകയക്ക് താമസിക്കുന്ന ഇതര സംസ്ഥാനക്കാരിയായ ഐഷ എന്ന ഇരുപതുകാരി ഇന്നലെ രാത്രിയാണ് പ്രസവിച്ചത്. നാലു മാസം ഗര്‍ഭിണിയായിരുന്ന യുവതി ശുചിമുറിയില്‍ പോയപ്പോള്‍ കുഞ്ഞ് മരിച്ച നിലയില്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് നജിമുള്‍ ഷേക്ക് തന്നെ വീട്ട് പരിസരത്ത് കുഴിയെടുത്ത് മൂടുകയായിരുന്നു എന്നുമാണ് വീട്ടില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാനക്കാരില്‍ നിന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.
വിവരറിഞ്ഞ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. നാട്ടുകാരുടെ പരാതിയില്‍ പൊലീസ് സ്ഥലത്തെത്തി കുഴി തുറന്ന് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നാളെ കുഴി തുറന്ന് പരിശോധിക്കാനാണ് തീരുമാനം. ഗര്‍ഭിണിയായിരുന്നു എന്ന കാര്യം പോലും അറിയില്ലായിരുന്നു എന്നാണ് യുവതി നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞത്.
പ്ലാസ്റ്റിക്കും മറ്റും ശേഖരിച്ച് വില്‍ക്കാനാണ് പതിനഞ്ചോളം പേരടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സംഘം ഒരു മാസം മുമ്പ് വൈക്കത്തെത്തിയത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് കുഴിച്ചിടുക മാത്രമാണ് ഉണ്ടായത് എന്ന മൊഴിയാണ് ഇപ്പോള്‍ പൊലീസ് മുഖവിലയ്ക്ക് എടുത്തിരിക്കുന്നത്. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ വെളിപ്പെടുത്താനാകൂ എന്നും വൈക്കം എഎസ്പി അറിയിച്ചു.
Be the first to comment