നാളെയാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. സ്വർണം വാങ്ങാനുള്ള നല്ല ദിവസമായി കണക്കാക്കുന്ന അക്ഷയതൃതീയയ്ക്കായി സ്വർണ വിപണി ഒരുങ്ങി കഴിഞ്ഞു. മുൻ വർഷത്തേക്കാൾ ഇത്തവണ 25 ശതമാനത്തിലധികം വിൽപ്പനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് ഓണ വിപണിക്ക് ശേഷം സ്വർണ്ണവ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. അക്ഷയതൃതീയയോട് അനുബന്ധിച്ച് ജ്വല്ലറികളിൽ സ്വർണാഭരണങ്ങളുടെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, മികച്ച കളക്ഷനുകളാണ് അക്ഷയതൃതീയ ദിനത്തിൽ കാത്തിരിക്കുന്നത്.
സാധാരണയായി അക്ഷയതൃതീയയോട് അനുബന്ധിച്ച് റെക്കോർഡ് വില്പനയനാണ് കേരളത്തിൽ നടക്കാറുള്ളത്. പ്രധാനമായും സ്വർണ വിഗ്രഹം, സ്വർണ നാണയം എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലക്ഷ്മി ലോക്കറ്റ്, മൂകാംബികയിൽ പൂജിച്ച ലോക്കറ്റ്, ഗുരുവായൂരപ്പൻ ലോക്കറ്റുകൾ എന്നിവയ്ക്കും ഉയർന്ന ഡിമാൻഡ് ഉണ്ട്.
സമ്പത്ത്, സമൃദ്ധി, സന്തോഷം, പ്രതീക്ഷ എന്നിവ ഒരിക്കലും കുറയാത്തത് എന്നാണ് അക്ഷയ തൃതീയ കൊണ്ട് അര്‍ത്ഥമാക്കുന്നത്. വൈശാഖ മാസത്തിലെ ചന്ദ്രദിനത്തിലാണ് ഈ ദിവസം ഉത്സവമായി ആഘോഷിക്കുന്നത്. അക്ഷയ തൃതീയ രോഹിണി നാളില്‍ വന്നാല്‍, ഈ ദിനം കൂടുതല്‍ ഐശ്വര്യമാകുമെന്നാണ് വിശ്വാസം. ഈ ദിവസം നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഉപവാസം, ദാനദര്‍മം എന്നിവയും വിശ്വാസികള്‍ പിന്തുടരാറുണ്ട്.
ഇന്ത്യയിലെയും നേപ്പാളിലെയും പല പ്രദേശങ്ങളിലെയും ഹിന്ദുക്കളും ജൈനരും പുതിയ സംരംഭങ്ങൾ, വിവാഹങ്ങൾ, സ്വർണ്ണമോ മറ്റ് വസ്തുവകകളോ പോലുള്ള വിലയേറിയ നിക്ഷേപങ്ങൾ, പുതിയ തുടക്കങ്ങൾ എന്നിവയ്ക്ക് അക്ഷയ തൃതീയ ശുഭകരമായി കണക്കാക്കുന്നു.
വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മദിനമാണ് അക്ഷയതൃതീയ എന്നും പറയാറുണ്ട്. ഒരു ഐതിഹ്യമനുസരിച്ച്, അക്ഷയ തൃതീയ നാളിൽ വ്യാസ മുനി ഗണപതിക്ക് ഹിന്ദു ഇതിഹാസമായ മഹാഭാരതം പാരായണം ചെയ്യാൻ തുടങ്ങി. ഈ ദിവസമാണ് ഗംഗ ഭൂമിയിലേക്ക് ഇറങ്ങിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദ്വാരകയിലെ തന്റെ ബാല്യകാല സുഹൃത്തായ കൃഷ്ണനെ സുദാമ സന്ദർശിച്ചതും , പരിധിയില്ലാത്ത സമ്പത്ത് അനുഗ്രഹമായി ലഭിച്ചതും ഈ ദിവസവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവമാണ് . ഈ ശുഭദിനത്തിൽ കുബേരൻ സമ്പത്തിന്റെ ദേവനെ നിയമിച്ചതായി വിശ്വസിക്കപ്പെടുന്നു.
ജൈനമതത്തിൽ , അക്ഷയ തൃതീയ ആദ്യ തീർത്ഥങ്കരനെ അനുസ്മരിക്കുന്നു അദ്ദേഹത്തിന്റെ ഒരു വർഷത്തെ സന്യാസം അവസാനിപ്പിച്ച് കരിമ്പ് നീര് തന്റെ കൈകളിൽ ഒഴിച്ചു കഴിച്ചതുമായി ബന്ധപ്പെട്ട് ചില ജൈനമതക്കാർ ഈ ഉത്സവത്തെ വർഷി തപ എന്നാണ് വിളിക്കുന്നത്.
കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളില്‍ അന്നേദിവസം അന്തര്‍ജ്ജനങ്ങള്‍ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. ഗുരുവായൂര്‍ക്ഷേത്രത്തിലും ഇന്നേ ദിവസം പ്രാധാന്യമര്‍ഹിക്കുന്നു. ലക്ഷ്മിനാരായണ സങ്കല്പത്തിലാണ് അന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനം. ലക്ഷ്മിനാരായണ പ്രധാന്യമുള്ള എറണാകുളത്തെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലും കൊരട്ടി മുളവള്ളിക്കാവ് ദേവീ ക്ഷേത്രത്തിലും അന്ന് വിശേഷദിവസമാണ്.
സ്വർണ്ണവും വെള്ളിയും വാങ്ങുന്നവർക്ക് ഈ ദിവസം വളരെ അനുകൂലമാണ്. അരി വാങ്ങുക ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുക ഏതെങ്കിലും തരത്തിലുള്ള പുതിയ സാധനങ്ങൾ വാങ്ങുക പ്രശസ്തമായ ക്ഷേത്രങ്ങൾ സന്ദർശിക്കുക ഭക്ഷണം നൽകുക അല്ലെങ്കിൽ പാവപ്പെട്ട ആളുകൾക്ക് പ്രത്യേക സഹായം നൽകുക പാവപ്പെട്ട കുട്ടികളെ വിദ്യാഭ്യാസ കാര്യത്തിൽ സഹായിക്കുക എല്ലാം അക്ഷയതൃതീയയുടെ ശുഭസൂചനകളാണ്.
Be the first to comment