കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. സിവിൽ പൊലീസ് ഓഫീസർ പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. മാങ്ങ മോഷണത്തിന് പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി.
2022 സെപ്റ്റംബര്‍ 30ന് നടന്ന സംഭവത്തില്‍ മുണ്ടക്കയം സ്വദേശി ഷിഹാബിനെതിരെ കേസെടുത്തിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പുലര്‍ച്ചെയായിരുന്നു മോഷണം. രാവിലെ കട തുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി.
കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ സൽപേരിന് കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ എസ്പി ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു.
Be the first to comment