തിരുവോണ സദ്യ മുടങ്ങി, 40000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

മലയാളിക്ക് തിരുവോണ സദ്യ അവൻ്റെ വെെകാരിക വികാരങ്ങളിൽ ഒന്നാണ്. അതിന് മനഃപൂർവ്വം മുടക്കം വരുന്നത് ക്ഷമിക്കാനാകില്ല. ഈ പരാമർശങ്ങളോടെയായിരുന്നു തിരുവോണസദ്യ മുടക്കിയ ഹോട്ടലിന് ഉപഭോക്തൃ തർക്കപരിഹാര കോടതി പിഴവിധിച്ചത്. മാത്രമല്ല ഹോട്ടലിൻ്റെ പ്രവർത്തി മൂലം ബുദ്ധിമുട്ടിയ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഹോട്ടലിൻ്റെ പ്രവർത്തി ഒരു സാഹചര്യത്തിലും ക്ഷമിക്കാൻ കഴിയാത്ത ഒന്നാണെന്നും കോടതി കുറ്റപ്പെടുത്തി. 

ഓരോ മലയാളിക്കും തിരുവോണസദ്യയുമായി വൈകാരിക ബന്ധമാണുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പണം നൽകി ഏറെ സമയം കാത്തിരിന്നിട്ടും സദ്യ എത്തിക്കാൻ ഹോട്ടൽ തയ്യാറായില്ല. പരാതിക്കാരിയെ നിരാശയിലാഴ്ത്തിയ എതിർകക്ഷി സദ്യയ്ക്കായി ഈടാക്കിയ 1295 രൂപയും 40,000 രൂപ നഷ്ടപരിഹാരവും നൽകാണമന്നാണ് കോടതി വിധി. മാത്രമല്ല 5000 രൂപ കോടതിച്ചെലവ് ഒൻപത് ശതമാനം പലിശ സഹിതം ഒരു മാസത്തിനകം നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. 

എറണാകുളം വൈറ്റില സ്വദേശി ബിന്ധ്യ സുൽത്താൻ്റെ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ വിധി. ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡൻ്റ് ഡിബി. ബിനു അംഗങ്ങളായ വി രാമചന്ദ്രൻ , ടിഎൻ ശ്രീവിദ്യ എന്നിവരാണ് എറണാകുളം മെയ്‌സ് റസ്റ്റോറൻ്റിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. മെയ്‌സ് റസ്റ്റോറൻ്റ് കാട്ടിയത് ഉത്തരവാദിത്വത്തിന് നിരക്കാത്ത പ്രവർത്തിയാണെന്നും കോടതി സൂചിപ്പിച്ചു. ഓണത്തിന് വീട്ടിലെത്തുന്ന അതിഥികൾക്കായി ‘സ്പെഷ്യൽ ഓണസദ്യ’ ആയിരുന്നു പരാതിക്കാരി ബുക്ക് ചെയ്തത്. സദ്യ ബുക്കു ചെയ്യുവാനായി ആകർഷകങ്ങളായ പരസ്യങ്ങളാണ് ഹോട്ടൽ നേരത്തെ നൽകിയിരുന്നതും. 

അഞ്ച് ഓണ സദ്യയ്ക്കായി 1295 രൂപയാണ് ഹോട്ടൽ ഈടാക്കിയത്. സദ്യ എത്തുമെന്ന് വിശ്വസിച്ച് വീട്ടിലേക്ക് അതിഥികളെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹോട്ടലിൽ നിന്ന് പാഴ്സൽ മാത്രം എത്തിയില്ല. ഊണ് സമയം കഴിഞ്ഞിട്ടും ഹോട്ടലിൽ നിന്ന് പാഴ്സൽ എത്തിച്ചില്ലെന്നും പരാതിക്കാരി കോടതിയിൽ വ്യക്തമാക്കി. സദ്യ എത്തുമെന്ന പ്രതീക്ഷയിൽ വീട്ടിലൊന്നും ഉണ്ടാക്കിയിരുന്നുമില്ലെന്നും പരാതിക്കാരി ബോധിപ്പിച്ചു. 

എതിർകക്ഷിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് പരാതിക്കാരിയും കുടുംബവും അനുഭവിച്ച കടുത്ത മനോവിഷമത്തിന് കാരണമെന്നാണ് കോടതി വ്യക്തമാക്കിയത്. സദ്യ എത്തിക്കാൻ കഴിയില്ലെന്ന കാര്യം യഥാസമയം പരാതിക്കാരിയെ അറിയിച്ചില്ലെന്നും കോടതി പറഞ്ഞു. മാത്രമല്ല ഫോണിൽ പലതവണ വിളിച്ചിട്ടും മറുപടി നൽകാൻ പോലും എതിർകക്ഷി കൂട്ടാക്കിയില്ലെന്നും നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*