എഐ ക്യാമറ ഇടപാടില്‍ 132 കോടിയുടെ അഴിമതി; കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

എഐ ക്യാമറ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷം അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 100 കോടിക്കകത്ത് ചെയ്യാന്‍ കഴിയുമായിരുന്ന പദ്ധതിയെ 232 കോടി രൂപയിലെത്തിച്ച് 132 കോടി പാവപ്പെട്ട വഴിയാത്രക്കാരന്റെ പോക്കറ്റില്‍നിന്ന് കൊള്ളയടിച്ച് ബിനാമി തട്ടിക്കൂട്ട് കമ്പനികള്‍ക്ക് സര്‍ക്കാര്‍ സമ്മാനിക്കുന്നതിനെ അഴിമതിയെന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. കെല്‍ട്രോണും സര്‍ക്കാരും ഒളിച്ചു കളി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകകള്‍ തന്നെ ക്രമക്കേട് വ്യക്തമാക്കുന്നതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രധാനപ്പെട്ട രേഖകള്‍ ഇപ്പോഴും കെല്‍ട്രോണ്‍ മറച്ചുവച്ചുവച്ചിരിക്കുകയാണ്. ട്രാഫിക് ക്യാമറകള്‍ സ്ഥാപിച്ച് മുന്‍പരിചയമില്ലാത്ത എസ്ആര്‍ഐടിക്ക് എങ്ങനെ ടെക്‌നിക്കല്‍ ഇവാല്യുവേഷന്‍ ക്വാളിഫിക്കേഷന്‍ നല്‍കി? പത്ത് വര്‍ഷം പ്രവര്‍ത്തന പരിചയമില്ലാത്ത അക്ഷര എന്റര്‍പ്രൈസസ് ലിമിറ്റഡിനെ എങ്ങനെ ടെന്‍ഡര്‍ നടപടികളില്‍ ഉള്‍പ്പെടുത്തി?  ടെന്‍ഡറില്‍ വ്യക്തമായ ഒത്തുകളി നടന്നു. കെല്‍ട്രോണ്‍ ടെന്‍ഡര്‍ വിളിച്ച ആദ്യഘട്ടത്തില്‍ തന്നെ ഗുരുതര വീഴ്ചയുണ്ടായി ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് ഈ പദ്ധതിയുടെ ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ ഉത്തരവാകുമ്പോള്‍ തന്നെ ഇവ ബന്ധപ്പെട്ട വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഇതനുസരിച്ച് 2020 തന്നെ ഈ രേഖകള്‍ എല്ലാം പ്രസിദ്ധികരിക്കേണ്ടതായിരുന്നു. അത് ഉണ്ടായില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഏജന്‍സികള്‍ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് 2018 – ലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ ലംഘിക്കപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി നടത്തിയ ഈ കൊള്ളയെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ന്യായീകരിച്ചത്. താന്‍ ഇപ്പോള്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം നാല് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തിരിക്കുന്നത്. ടെണ്ടറില്‍ ഒത്തുകളി നടന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവന്ന രേഖകള്‍ നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*