ഓൺലൈൻ തട്ടിപ്പ് രാജ്യത്ത് വർധിച്ചു വരുന്നതായി സർവേ റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം രാജ്യത്തെ 39 ശതമാനം വരുന്ന കുടുംബങ്ങളും ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇതിൽ 24 ശതമാനം വരുന്ന ആളുകൾക്ക് മാത്രമേ പണം തിരികെ ലഭിച്ചിട്ടുള്ളൂ. ഓൺലൈൻ സർക്കിൾസ് നടത്തിയ സർവേയിലൂടെയാണ് വിവരം പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയിലെ 331 ജില്ലകളിലെ കുടുംബങ്ങളിൽ നിന്നായി ലഭിച്ച ഏകദേശം 32,000 പ്രതികരണങ്ങളിൽ നിന്നാണ് സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ 66 ശതമാനം പുരുഷന്മാരും, ബാക്കി 34 ശതമാനം സ്ത്രീകളും ഉൾപ്പെടുന്നു.
സർവേയിൽ പങ്കെടുത്ത ആളുകളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ 23 ശതമാനം ആളുകളും ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴിയുള്ള തട്ടിപ്പുകൾക്കാണ് ഇരയായിരിക്കുന്നത്. ഓൺലൈൻ വഴിയുള്ള വില്പന, വാങ്ങൽ, ക്ലാസിഫൈഡുകളുടെ ഉപയോഗം എന്നിവയിലൂടെയാണ് 13 ശതമാനം ആളുകളും പറ്റിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഓൺലൈൻ വഴി സാധനം വാങ്ങാനായി ഓർഡർ ചെയ്തത് വഴി 13 ശതമാനം ആളുകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഓർഡർ ചെയ്ത സാധനങ്ങൾ ലഭിച്ചിട്ടില്ല. 10 ശതമാനം വരുന്ന ആളുകൾ എടിഎം കാർഡ് തട്ടിപ്പ് വഴി പണം നഷ്ടമായെന്ന് വ്യക്തമാക്കിയപ്പോൾ, 10 ശതമാനം ആളുകൾ ബാങ്ക് തട്ടിപ്പിനിരയായത് വഴി പണം നഷ്ടമായെന്നും, ബാക്കി 16 ശതമാനം ആളുകൾ മറ്റ് ചില ഓൺലൈൻ തട്ടിപ്പുകൾ വഴി പണം നഷ്ടമായതായും സർവേയിൽ പറഞ്ഞു.
സർവേയിൽ പ്രതികരിച്ചവരിൽ 39 ശതമാനം വരുന്ന ആളുകൾ ടയർ 1 ജില്ലകളിൽ നിന്നുള്ളവരാണ്. ബാക്കിയുള്ള 35 ശതമാനം വരുന്ന ആളുകൾ ടയർ 2 ജില്ലകളിൽ നിന്നുള്ളവരും, 26 ശതമാനം ആളുകൾ ടയർ 3, 4 ഉൾപ്പെടുന്ന ഗ്രാമപ്രദേശ മേഖലയിൽ നിന്നുള്ളവരുമാണ്.
Be the first to comment