പരാതിയിലെ വിവരങ്ങൾ പൊലീസ് ചോർത്തിയെന്ന് ആരോപണം; ആതിരയുടെ മരണത്തിൽ യൂത്ത് കോൺഗ്രസ് മാർച്ച്

ഏറ്റുമാനൂർ: കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്. ആതിരയുടെ പരാതിയിലെ വിശദാംശങ്ങൾ പ്രതിക്ക് പൊലീസ് ചോർത്തി നൽകിയെന്നും പ്രവർത്തകർ ആരോപിക്കുന്നുണ്ട്. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ അധ്യക്ഷൻ അടക്കം അഞ്ച് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ സ്റ്റേഷനിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പരാതി ചോർത്തി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്പിയോട് ആവശ്യപ്പെട്ടു. ആതിര പൊലീസിൽ നൽകിയ പരാതിയിലെ വിവരങ്ങൾ ഒരു മണിക്കൂറിനുളളിൽ പ്രതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. യുവതിയുടെ ആത്മഹത്യ കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. കടുത്തുരുത്തി കോതനല്ലൂർ സ്വദേശി ആതിരയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കേസിലെ പ്രതിയായ അരുൺ വിദ്യാധരനെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇയാൾക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. കഴിഞ്ഞ ദിവസം പ്രതിയുടെ മൊബെൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തിയത് കോയമ്പത്തൂരിലാണെന്നും വിവരങ്ങളുണ്ട്. നിലവിൽ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*