ചിരിയും ചിന്തയും ഇല്ലെങ്കില്‍ മനുഷ്യനില്ല. ചിരി മനുഷ്യന്റെ ആയുസ്സ് വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിരിക്ക് ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറെ പ്രധാന്യമുണ്ട് എന്ന് മാത്രമല്ല മാനസിക സമ്മർദ്ദം, വേദന എന്നിവ കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. പോസിറ്റീവ് എനര്‍ജി പകരാന്‍ സാധിക്കുന്ന ഏറ്റവും എളുപ്പവഴിയാണ് പുഞ്ചിരി. അതുകൊണ്ട് തന്നെയാണ് ചിരിയ്ക്ക് വേണ്ടി ഒരു ദിനം മാറ്റിവെച്ചിരിക്കുന്നത്. മേയ് മാസത്തിലെ ആദ്യ ഞായറാണ് ലോക ചിരി ദിനമായി ആചരിക്കുന്നത്.
പറഞ്ഞറിയിക്കാന്‍ കഴിയാത്ത പല തരത്തിലുള്ള മാനസിക പിരിമുറുക്കങ്ങളിലൂടെയാണ് ഇന്ന് പലരും കടന്നു പോകുന്നത്. അതിനിടയില്‍ പുഞ്ചിരിക്കാന്‍ വിട്ടു പോകുന്നു. ചിരി ഒന്നിനും മരുന്നല്ല, എന്നാല്‍ പ്രശ്നങ്ങളെ ഒരു പുഞ്ചിരി കൊണ്ട് നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ജീവിതത്തില്‍ നിങ്ങളെ തളര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല എന്നതാണ് സത്യം. ഡോ. മദന്‍ കത്താരിയയാണ് 1995 ല്‍ മുംബൈയില്‍ നിന്നും ചിരിയോഗ മൂവ്മെന്റിനു തുടക്കമിട്ടുകൊണ്ട് ലോക വ്യാപകമായി ചിരിദിനമെന്ന ആശയം കൊണ്ടു വന്നത്. ചിരി ശുഭസൂചകമായ ഒരു വികാരം എന്ന അടിസ്ഥാനത്തിലാണ് അദ്ദേഹം ചിരിയോഗ മൂവ്മെന്റ് ആരംഭിച്ചത്. മനുഷ്യ വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്ന ശക്തമായ ഒരു മാധ്യമമാണ് പുഞ്ചിരി. നമ്മളെയും ഒപ്പം കൂടെയുള്ളവരുടേയും ജീവിതത്തില്‍ ഒരു ചെറു പുഞ്ചിരിയിലൂടെ സമാധാനം കൊണ്ടു വരാന്‍ സാധിക്കും.
പലരേയും കണ്ടിട്ടില്ലേ. പലര്‍ക്കും ചിരിക്കാന്‍ മടിയാണ്. ചിരിച്ചാല്‍ എന്തോ ഒന്ന് കുറഞ്ഞുപോകും എന്ന ചിന്തിക്കുന്ന ചില മനുഷ്യരുണ്ട്. സന്തോഷിക്കാനോ ചിരിക്കാനോ ഇഷ്ടമില്ലാത്തതുകൊണ്ടല്ല. അത് ഒരു സോഫ്റ്റ് ഇമോഷനാണ്. ചിരിച്ചാല്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ നമ്മുടെ വില കുറഞ്ഞുപോകും എന്ന തെറ്റായ ധാരണ പലര്‍ക്കുമുണ്ട്. അത് വിട്ടു മനസ് തുറന്നു ചിരിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ മാനസികാരോഗ്യം വര്‍ദ്ധിക്കും
മെക്കാനിക്കല്‍ ലൈഫായി ഇപ്പോള്‍ ജീവിതം മാറിയിട്ടുണ്ട്. നമ്മുടെ ജീവിതരീതികള്‍ റിലാക്സ്ഡ് ആയിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. അപ്പോഴും നമുക്ക് ചിരിക്കാനും നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും അവ പുറത്തേക്ക് കൊണ്ടുവരാനും നമുക്ക് കഴിയുക എന്നതാണ് മാനസികാരോഗ്യത്തിന്റെ കാതല്‍. സന്തോഷം നമുക്ക് പുറത്ത് നിന്നും കൊണ്ടുവരാന്‍ കഴിയില്ല. കടയില്‍ നിന്നും വാങ്ങിക്കാനും കഴിയില്ല. സന്തോഷം നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്. അത് നമ്മുടെ ജീവിതചര്യയുടെ ഭാഗമാണ്. വളരെ ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കാണാനും നമ്മുടെ മനസിനെ പരിശീലിപ്പിക്കുക, ഗ്രാറ്റിറ്റ്യൂഡ് ഉണ്ടാക്കുക. വലിയ കാര്യങ്ങള്‍ മാത്രമല്ല. ചെറിയ കാര്യങ്ങളില്‍ പോലും നമുക്ക് സന്തോഷം കണ്ടത്താന്‍ കഴിയണം. അതായത് ചെറിയ സന്തോഷത്തിനെപ്പോലും നമുക്ക് തിരിച്ചറിയാന്‍ കഴിയണം.
ഒരാള്‍ നമുക്ക് ഒരു ചെറിയ മിഠായി തന്നാല്‍ പോലും അതില്‍ നമുക്ക് സന്തോഷം കാണാന്‍ കഴിയണം. അവര്‍ എന്നെ പരിഗണിച്ചിരിക്കുന്നു. എനിക്ക് ഒരു മിഠായി തരാന്‍ സമയം കണ്ടെത്തിയിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞു സന്തോഷം കണ്ടെത്താന്‍ നമുക്ക് കഴിയണം.
ചിരിയും ചിന്തയുമില്ലെങ്കില്‍ നമുക്ക് ഒരു ജീവിതം തന്നെയില്ല. ചിരിക്കാന്‍ കഴിയുന്നത് മനുഷ്യന് മാത്രമാണല്ലോ. ചിരിക്കുമ്പോള്‍ ചെറിയ രീതിയിലുള്ള മസില് ചലനം മാത്രം മതി. പക്ഷെ ദേഷ്യം വരുമ്പോഴോ എത്രയോ മസിലുകള്‍ വരിഞ്ഞുമുറുകണം. എന്നിട്ടും ചിരിയേക്കാള്‍ ദേഷ്യത്തിനാണ് പലപ്പൊഴും നമ്മള് പ്രാധാന്യം നല്‍കുന്നത്. നമ്മള് ചിരിച്ചാല്‍ നമുക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് ചിരിക്കാന്‍ കഴിയും. ചിരി മുഖത്ത് മാത്രം പോര. അത് ഉള്ളില്‍ നിന്നും വരണം. എങ്കില്‍ മാത്രമേ നമുക്ക് അത് ആസ്വദിക്കാന്‍ കഴിയൂ. മനസറിഞ്ഞു ഒന്ന് ചിരിച്ചാലോ?.
Be the first to comment