പോക്സോ കേസുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. സാമ്പിളുകൾ ശേഖരിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ കാലതാമസവും ഉണ്ടാകാൻ പാടില്ല. ഉത്തരവിന്മേൽ അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ റെനി ആന്റണി, ബബിത ബി. എന്നിവരുടെ ഫുൾബഞ്ച് സ്വമേധയാ നടപടി സ്വീകരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിത്. കൊല്ലം, കാസർഗോഡ്, കോട്ടയം ഉൾപ്പെടെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വന്നിട്ടുള്ളതായി കമ്മീഷൻ കണ്ടത്തി.
കാഞ്ഞിരപ്പളളി, പൊൻകുന്നം, കറുകച്ചാൽ, പാമ്പാടി, മണിമല എന്നീ സ്റ്റേഷനുകളിലെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തി എന്നാണ് കമ്മീഷൻ മനസിലാക്കുന്നത്. ഈ വിഷയത്തിൽ സംസ്ഥാന തലത്തിൽ ഗൗരവമേറിയ പരിശോധനകൾ നടത്തേണ്ടതുണ്ട്. പോക്സോ കേസുകളിലെ നിലവിലെ സ്ഥിതി വിലയിരുത്താനും കേസന്വേഷണം കാലതാമസം കൂടാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സംസ്ഥാന പോലീസ് നടപടി സ്വീകരിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
Be the first to comment