ഭൂമിയിലെ മാലാഖമാർ; ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഇന്ന് ലോക നഴ്സസ് ദിനം (international nurses day). ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും മെയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കുന്നു. ആരോഗ്യ മേഖലയിൽ നഴ്‌സുമാർ വഹിക്കുന്ന നിർണായക പങ്കിന്റെ ഓർമ്മപ്പെടുത്തലായി ഈ ദിനം ആചരിക്കുന്നു. 

ലോകമെമ്പാടുമുള്ള നഴ്‌സുമാരോട് ബഹുമാനം കാണിക്കേണ്ടതിന്റെ പ്രാധാന്യം ഈ ദിവസം ഊന്നിപ്പറയുകയും ധീരരും കഠിനാധ്വാനികളുമായ നഴ്സുമാരോട് നന്ദി പ്രകടിപ്പിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനം അന്താരാഷ്ട്ര നഴ്‌സസ് ദിനമായി പ്രഖ്യാപിച്ചു. “നമ്മുടെ നഴ്‌സുമാർ. നമ്മുടെ ഭാവി” എന്നതാണ് ഈ വർഷത്തെ നഴ്സ് ദിനത്തിലെ പ്രമേയം.

വരും തലമുറയ്ക്കായി ജീവനെ കാത്തുസൂക്ഷിക്കുന്ന ഭൂമിയിലെ മാലാഖാമാരാണ് നഴ്സുമാർ.. പ്രതീക്ഷയുടെ നാളെകൾക്ക് ജീവനേകുന്ന പ്രകാശവാഹകർ.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. ജീവന്റെ തുടിപ്പുകൾക്ക് നിദ്രയിലും കാവലിരിക്കുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയിലൂടെ.. ആശ്വാസവാക്കുകളിലൂടെ സന്തോഷത്തിന്റെ ലോകത്തിലേയ്ക്ക് നയിയ്ക്കുന്നവർ.. ആതുരശുശ്രൂഷയെ സേവനത്തിന്റെ മുഖമുദ്രയാക്കുന്നവരാണ് ഈ അഭിമാനതാരങ്ങൾ.. കർത്തവ്യ നിർവ്വഹണത്തിൽ ഉണ്ടാകാവുന്ന സമ്മർദ്ദങ്ങളേയും മാറി വരുന്ന സാഹചര്യങ്ങളെയും സംയമനത്തോടെ നേരിട്ട് ജീവിതപാത തെളിയിക്കുന്നവർ..

നൂറുകണക്കിന് ഉത്തരവാദിത്വങ്ങളാണ് തങ്ങളുടെ ജോലി സ്ഥലത്ത് നഴ്സുമാർ നിറവേറ്റുന്നത്. പിറന്നു വീഴുന്ന കുഞ്ഞു മുതൽ മരണക്കിടക്കയിലുള്ള രോഗികൾ വരെ നീളുന്ന ഒരു വലിയ ലിസ്റ്റ് നഴ്സുമാർക്കായി എവിടെയുമുണ്ട്. ഏത് അടിയന്തിര സാഹചര്യവും സംയമനത്തോടെ കൈകാര്യം ചെയ്ത് രോഗിയുടെ സുരക്ഷിതത്വയും രോഗവിമുക്തിയും ലക്ഷ്യമാക്കുന്ന ആതുരശുശ്രൂഷാ രംഗത്തെ ജീവനാഡികളാണ് നഴ്സുമാർ. ജോലിയുടെ വ്യഗ്രതയിൽ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാർ പലപ്പോഴും അവർക്ക് കഴിഞ്ഞെന്നു വരില്ല. എങ്കിലും പരിഭവങ്ങളുടെ ഒരു കണക്ക് അവർ പുറത്തെടുക്കാറില്ല. സങ്കീർണമായ നിരവധി പ്രശ്നങ്ങളുടെ ഇടയിലാണ് ഇവരുടെ ഓരോ ദിനവും കടന്നു പോവുന്നത്.

നഴ്സിംഗ് എന്നത് ഒരു വെറും ജോലിയല്ല, അത് ഒരു സേവനം കൂടിയാണ്. അതിന് വിലയിടാൻ ആർക്കും അധികാരമില്ല. മഹത്തായ നഴ്സിംഗ് പ്രഫഷനെ അംഗീകരിക്കുകയും ആദരിക്കുകയും ആണ് പ്രബുദ്ധമായ സമൂഹവും അധികാരികളും ചെയ്യേണ്ടത്.

  • അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ എല്ലാ നഴ്സുമാർക്കും യെൻസ് ടൈംസ് ന്യൂസിന്റെ ആശംസകൾ.

Be the first to comment

Leave a Reply

Your email address will not be published.


*