
റഷ്യയില്‍നിന്നുള്ള റിഫൈന്‍ഡ് ഓയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യൂറോപ്യന്‍ യൂണിയന് വിദേശനയ മേധാവി ജോസപ് ബോറലിന് തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയെ വിമര്‍ശിക്കുന്നതിനു മുന്‍പ് ഇ യു കൗണ്‍സിലിന്റെ ചട്ടങ്ങള്‍ ആദ്യം നോക്കണമെന്നാണ് ജയശങ്കര്‍ പറഞ്ഞത്. ‘റഷ്യയില്‍നിന്നുള്ള ക്രൂഡ് മൂന്നാം രാജ്യത്തെത്തി മറ്റു പല ഉല്‍പ്പന്നങ്ങളുമാക്കി മാറ്റും. പിന്നെയത് റഷ്യന്‍ ആയിട്ടല്ല കണക്കാക്കുന്നത്. കൗണ്‍സിലിന്റെ ചട്ടം 833/2014 നോക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്’ അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ്, സ്വീഡന്, ബെല്‍ജിയം എന്നീ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ അവസാന ഘട്ടമായി തിങ്കളാഴ്ചയാണ് ജയശങ്കര്‍ ബ്രസല്‍സില്‍ എത്തിയത്. ‘യൂറോപ്യന്‍ രാജ്യങ്ങളെ വച്ച് നോക്കുമ്പോള്‍ റഷ്യയുമായുള്ള ഞങ്ങളുടെ വ്യാപാരബന്ധം വളരെ കുറവാണ്. 12-13 ബില്യന്‍ യുഎസ് ഡോളറേ വരുന്നുള്ളൂ. എല്ലാ രാജ്യങ്ങളും അവരുടെ വ്യാപാരം വര്‍ധിപ്പിക്കാനാണ് നോക്കുക. അതിനപ്പുറം അതില്‍ ചിന്തിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’ ഡിസംബറില്‍ ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നാലെന ബേര്‍ബോക്കിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
‘ഈ കണക്കുകള്‍ നോക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ‘റഷ്യ ഫോസില്‍ ഫ്യുവല്‍ ട്രാക്കര്‍’ എന്ന പേരില്‍ ഒരു വെബ്സൈറ്റ് ഉണ്ട്. അതില്‍ ആരാണ് യഥാര്‍ത്ഥത്തില്‍ ഇറക്കുമതി ചെയ്യുന്നത് എന്നതിന്റെ രാജ്യം തിരിച്ചുള്ള കണക്കുകള്‍ നിങ്ങള്‍ക്ക് അറിയാനാകും. അത് വളരെ സഹായകരമാകുമെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Be the first to comment