ജസ്റ്റിസ് പ്രശാന്ത് കുമാറും മലയാളിയായ കെ.വി. വിശ്വനാഥനും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു

ന്യൂഡൽഹി: മലയാളിയും മുതിർന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇരുവർക്കും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. ചൊവ്വാഴ്ച കൊളീജിയം ശുപാർശ ചെയ്ത ഇവരെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. ഇതോടെ സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം വീണ്ടും മുഴുവൻ അംഗസഖ്യയായ 34-ൽ എത്തി.

ജസ്റ്റിസുമാരായ എം.ആർ. ഷായും ദിനേശ് മഹേശ്വരിയും വിരമിച്ച ഒഴിവിലേക്കാണ് ഇവരുടെ പേരുകൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്. 

പാലക്കാട് കൽപ്പാത്തി സ്വദേശിയായ കെ.വി. വിശ്വനാഥൻ 35 വർഷമായി സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. ഭാരതിയാർ സർവകലാശാലയ്ക്കു കീഴിലെ കോയമ്പത്തൂർ ലോ കോളേജിൽ നിന്നാണ് അഞ്ചുവർഷ ഇന്റഗ്രേറ്റഡ് നിയമ ബിരുദമെടുത്തത്. 1988-ൽ തമിഴ്നാട് ബാർ കൗൺസിലിൽ എന്റോൾ ചെയ്തു. രണ്ടു പതിറ്റാണ്ടുകാലം സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്തശേഷം 2009-ലാണ് അദ്ദേഹത്തിന് സീനിയർ അഭിഭാഷക പദവി ലഭിച്ചത്. ഭരണഘടനാ നിയമങ്ങൾ, ക്രിമിനൽ നിയമങ്ങൾ, വാണിജ്യ നിയമങ്ങൾ, പാപ്പരത്ത നിയമം, മധ്യസ്ഥത തുടങ്ങിയ മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അടുത്തിടെ സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട കേസിലും ഭരണഘടനാ ബെഞ്ചിന് മുൻപാകെ ഹാജരായിരുന്നു.

2009-ല്‍ ഛത്തീസ്ഗഢ് ഹൈക്കോടതിയിലെത്തിയ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര 2021-ലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. ഹൈക്കോടതികളില്‍ 13 വര്‍ഷത്തെ പരിചയസമ്പത്തുണ്ട് ജസ്റ്റിസ് മിശ്രക്ക്. 

Be the first to comment

Leave a Reply

Your email address will not be published.


*