കൊച്ചി: ഏലത്തൂർ ട്രെയിൻ തീവയ്പ് കേസില്‍ മൊഴി നൽകാനെത്തിയ യുവാവിന്റെ പിതാവ് മരിച്ച നിലയിൽ. കൊച്ചിയിലെ ഹോട്ടലിലെ ശുചിമുറിയിലാണ് ദില്ലി സ്വദേശിയെ തുങ്ങി മരിച്ച നിലയിൽ കണ്ടത്. ഷഹീൻ ബാഗ് സ്വദേശി മുഹമ്മദ് ഷഫിക്കാണ് മരിച്ചത്. ഇയാളുടെ മകൻ മുഹമ്മദ് മോനിസിനെ എൻ ഐ എ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെ വീണ്ടും എൻ ഐ എ ഓഫീസിൽ എത്താനിരിക്കെയാണ് മരണം. മകനൊപ്പം കൊച്ചിയിലെത്തിയ ഷഫീഖ് പലപ്പോഴും അസ്വസ്ഥനായി കാണപ്പെട്ടതായി ഹോട്ടൽ ജീവനക്കാർ പൊലീസിനോടു പറഞ്ഞു.
എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ഒമ്പത് ഇടങ്ങളില്‍ എൻഐഎ പരിശോധന നടത്തിയിരുന്നു. പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ സ്ഥലങ്ങളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ചോദ്യം ചെയ്യലില്‍ നിന്നും, ഫോൺ രേഖകളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ആദ്യഘട്ടത്തില്‍ പരിശോധന നടന്നപ്പോള്‍ ഷാറൂഖുമായി അടുപ്പമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നേരത്തെ കോഴിക്കോടും, കണ്ണൂരും എന്‍ഐഎ പരിശോധന നടന്നിരുന്നു.
Be the first to comment