2000 രൂപയുടെ നോട്ടുമാറാൻ പ്രത്യേക ഫോമോ തിരിച്ചറിയിൽ രേഖയോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. മേയ് 23 മുതൽ നോട്ടുകൾ മാറ്റി വാങ്ങാം. 20,000 രൂപ വരെ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേ സമയം മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം.
അപേക്ഷാ സ്ലിപ്പുകൾ ഒന്നുമില്ലാതെ 20,000 രൂപ വരെ നൽകാനുള്ള സൗകര്യം അനുവദിക്കുമെന്ന് എസ്ബിഐ എല്ലാ പ്രാദേശിക ഹെഡ് ഓഫീസുകളുടെയും ചീഫ് ജനറൽ മാനേജർക്ക് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. തടസങ്ങൾ ഒന്നും കൂടാതെ സുഗമമായി ബാങ്കിലെത്തുന്ന ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹകരണങ്ങളും ഉറപ്പു വരുത്താനും പ്രാദേശിക ഹെഡ് ഓഫീസുകളോട് എസ്ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
മാറ്റിവാങ്ങാനുള്ള 2000 ത്തിന്റെ നോട്ടുകൾ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കുന്ന കാര്യത്തിൽ ആർബിഐ പ്രത്യേക പരിധികൾ ഒന്നും വ്യക്തമാക്കിയിട്ടില്ല.
‘ക്ലീൻ നോട്ട്’ നയത്തിന്റെ ഭാഗമായിട്ടാണ് രണ്ടായിരത്തിന്റെ നോട്ട് പിൻവലിച്ച നടപടിയെന്നാണ് ആർബിഐ പറയുന്നത്. നോട്ട് പുറത്തിറക്കി ഏഴ് വർഷം പിന്നിടുമ്പോഴാണ് ആർബിഐയുടെ നിർണായക തീരുമാനം.
Be the first to comment