ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടരുത്; ചില്ലറ വ്യാപാരികൾക്ക് കേന്ദ്രത്തിന്റെ നിർദേശം

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടരുതെന്ന് ചില്ലറ വ്യാപാരികൾക്ക് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. നിരവധി ഉപഭോക്താക്കൾ പരാതി നൽകിയതിനെ തുടർന്നാണ് നിർദേശം നൽകിയതെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു. ഫോൺ നമ്പർ നൽകാൻ വിസമ്മതിച്ചാൽ പല വ്യാപാരികളും തങ്ങൾക്ക് സേവനം നൽകുന്നില്ലെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി

വ്യക്തിഗത വിവരങ്ങൾ നൽകിയില്ലെങ്കില്‍ ബിൽ തരാൻ കഴിയില്ലെന്നാണ് വിൽപ്പനക്കാർ പറയുന്നത്. ഇത് അന്യായമാണ്. ഉപഭോക്തൃസംരക്ഷണ നിയമത്തില്‍ അങ്ങനെയൊരു വ്യവസ്ഥയില്ല. വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിന് പിന്നിൽ യാതൊരു യുക്തിയുമില്ലെന്നും രോഹിത് കുമാർ സിങ് പറയുന്നു.

ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച വിഷയമാണിത്. അതിനാൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് ചില്ലറ വ്യാപാരികൾക്കും വ്യവസായികളുടെ കൂട്ടായ്മകളായ സിഐഐ, എഫ്ഐസിസിഐ എന്നിവയ്ക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിൽ നൽകാനായി ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ വ്യാപാരിക്ക് നൽകണമെന്നത് ഇന്ത്യയിൽ നിർബന്ധമല്ല. എന്നാൽ പല ചില്ലറ വ്യാപാരികളും ഫോണ്‍ നമ്പർ നൽകിയാൽ മാത്രമേ ബില്ല് നൽകൂയെന്ന നിബന്ധന വച്ച് കച്ചവടം നടത്തുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*