ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം; സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം

ഈ മാസം 19ന് ദുബായിൽ വച്ച് ജീവനൊടുക്കിയ ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. മൃതദേഹം സംസ്കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കൾ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ അഞ്ച് മണിക്കൂറിലധികമാണ് കാത്തു കിടന്നത്. ഇവിടെനിന്ന് എൻഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് മൃതദേഹവുമായി സുഹൃത്തുക്കൾ ഏറ്റുമാനൂരിൽ എത്തിയത്. ഏറ്റുമാനൂരിൽ എത്തിച്ചപ്പോൾ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം തയ്യാറായില്ല. 

വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം വിസമ്മതിക്കുന്നതിനു പിന്നിലെന്നാണ് വിവരം. ഭാര്യയുമായി അകൽച്ചയിലായിരുന്ന ജയകുമാർ കഴിഞ്ഞ നാലു വർഷമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയയ്ക്കൊപ്പമാണ് ജീവിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്.

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ മൃതദേഹം എത്തിച്ചതിനു പിന്നാലെ പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തി. മൃതദേഹത്തിനൊപ്പം എത്തിയവരെ അറിയില്ലെന്നും എങ്ങനെയാണ് ജയകുമാർ മരിച്ചതെന്നു വ്യക്തമല്ലെന്നുമുള്ള നിലപാടാണ് ബന്ധുക്കൾ സ്വീകരിച്ചത്. അഞ്ചു വർഷത്തോളമായി ജയകുമാറുമായി യാതൊരു അടുപ്പവുമില്ലെന്നും മൃതദേഹത്തിനൊപ്പം വന്നവർ തന്നെ സംസ്കാര ചടങ്ങുകൾ നടത്തുന്നതാണു നല്ലതെന്നുമാണ് ബന്ധുക്കളുടെ നിലപാട്. മരണ സർട്ടിഫിക്കറ്റ് മാത്രം മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ പൊലീസിന്റെ എൻഒസി ലഭിക്കാതെ സുഹൃത്തുക്കൾക്ക് മൃതദേഹം സംസ്കരിക്കാനും നിർവാഹമില്ല.

ദുബായിലെ നടപടികൾ പൂർത്തിയാക്കി ഇന്നു പുലർച്ചെ 2.45ഓടെയാണ് ജയകുമാറിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹം ആലുവയിൽ സംസ്കാരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഇതിന് പൊലീസിന്റെ എൻഒസി വേണമെന്ന് പിന്നീടാണ് മനസ്സിലായത്. വിദേശത്തുവച്ച് മരിച്ചയാളുടെ മൃതദേഹം കുടുംബം ഏറ്റെടുക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ആലുവയിൽ സംസ്കരിക്കുന്നതിലെ നിയമപ്രശ്നങ്ങൾ മൂലമാണ് പൊലീസിന്റെ എൻഒസി വേണമെന്ന് അധികൃതർ നിഷ്കർഷിച്ചത്.

ആലുവയുമായി ബന്ധമൊന്നുമില്ലാത്ത ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ എൻഒസി നൽകുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആലുവ പൊലീസ് എൻഒസി നൽകുന്നതിൽ തടസം ഉന്നയിച്ചു. ഇതേത്തുടർന്നാണ് മൃതദേഹവുമായി സുഹൃത്തുക്കൾ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലേക്കു എത്തിയത്. ജയകുമാറിന്റെ സ്വദേശം ഇവിടെയായതിനാൽ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.

Be the first to comment

Leave a Reply

Your email address will not be published.


*