പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; തപാൽ ബാലറ്റുകളുടെ പെട്ടികളിൽ കൃത്രിമം നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹൈകോടതിയിൽ സമർപ്പിച്ച  റിപ്പോർട്ടിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ പുറത്തുള്ള  കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോർട്ടിൽ പറയുന്നു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഉദ്യോഗസ്ഥർ ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.കോഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർ പ്രഭിത്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വമെന്നും കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത്  ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്താണ് ഇടത് സ്വതന്ത്ര സ്ഥാനാത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയിലെത്തിയത്. 38 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ  നജീബ് കാന്തപുരം വിജയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*