
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ കോച്ചിന് തീവച്ചത് ബംഗാൾ സ്വദേശി പുഷൻജിത് സിംഗാണെന്ന് പൊലീസ്. ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റെയിൽവേ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതാണ് ട്രെയിനിന് തീവയ്ക്കാൻ കാരണമെന്നാണ് ഇയാൾ മൊഴി നൽകിയത്.
ഇയാൾ ഏറെ നാളുകളായി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് കഴിയുന്നത്. ഇവിടെ ഭിക്ഷയെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മതിക്കാത്തതാണ് വൈരാഗ്യ കാരണമെന്നാണ് നിഗമനം. സ്റ്റേഷനു പരിസരത്തുള്ള ബിപിസിഎൽ ഇന്ധനസംഭരണ ശാലയിലെ ജീവനക്കാരും കഴിഞ്ഞ ദിവസം ഇയാളെ ഓടിച്ചു വിട്ടിരുന്നു. ഇതും പ്രകോപനമായെന്നാണ് വിലയിരുത്തൽ.
ഇന്ധനം ഉപയോഗിച്ചിട്ടില്ലെന്നും സീറ്റുകൾ കുത്തിക്കീറിയ ശേഷമാണ് തീയിട്ടതെന്നുമാണ് മൊഴി. വ്യാഴാഴ്ച്ച പുലർച്ചെ 1.25 നാണ് ഇയാൾ ട്രെയിനിന് തീവച്ചത്. റെയിൽവേ ജീവനക്കാരനാണ് ആദ്യം തീ കത്തുന്നത് കണ്ടത്. തുർന്ന് അഗ്നി ശമന സേനയെത്തി തീയണക്കുകയായിരുന്നു. സംഭവത്തിൽ ആളപായമോ പരുക്കോ ഉണ്ടായിട്ടില്ല.
ബിപിസിഎൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് ഇയാളെ കണ്ടെത്താൻ സഹായകമായത്. കസ്റ്റഡിയിലെടുത്തതിനു ശേഷം വിരലടയാളങ്ങൾ പരിശോധിച്ചപ്പോൾ ട്രെയിനിൽ നിന്നും കണ്ടെത്തിയ 10 വിരലടയാളങ്ങളിൽ 4 എണ്ണവും ഇയാളുടേതു തന്നെയാണ്. രണ്ടു മാസത്തിനിടെ ട്രെയിനിന് തീവയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്.
Be the first to comment