താടി ചൊറിഞ്ഞപ്പോൾ സീറ്റ് ബെൽറ്റ് മറഞ്ഞു; എഐ ക്യാമറയിൽ കുടുങ്ങി, പിഴ ഒഴിവാക്കാൻ ശ്രമം

കോട്ടയം: ഒപ്പമിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞതിനെ തുടർന്ന് സീറ്റ്‌ ബെൽറ്റ് മറഞ്ഞതോടെ കാർ ഉടമയ്ക്ക് എഐ ക്യാമറയുടെ പിഴ മുന്നറിയിപ്പ്. കായംകുളം റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് മൂലവട്ടം സ്വദേശിയായ ഷൈനോയുടെ കാറാണ് എ.ഐ ക്യാമറയുടെ കണ്ണിൽപ്പെട്ടത്.

പിഴ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഷൈനോ കോട്ടയം ആർ.ടി ഓഫിസിൽ ബന്ധപ്പെട്ടു. ഇവിടെ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നു ആലപ്പുഴ ഓഫിസിൽ ബന്ധപ്പെട്ടതോടെ പിഴ ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചു. 

അറിയിപ്പിനൊപ്പം ലഭിച്ച ഫോട്ടോ ഷൈനോ പരിശോധിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന യാത്രക്കാരൻ ക്യാമറ എടുത്ത സമയത്ത് താടി ചൊറിയുന്നതാണെന്ന് കണ്ടെത്തിയത്. താടി ചൊറിഞ്ഞതോടെ എ.ഐ ക്യാമറയ്ക്കു മുന്നിൽ ഇദ്ദേഹത്തിന്റെ സീറ്റ് ബെൽറ്റ് മറഞ്ഞു. ഇതോടെ ക്യാമറ പിഴ ചുമത്തുകയായിരുന്നു. സത്യാവസ്ഥ മനസിലാക്കിയതോടെ ഷൈനോ നേരെ കോട്ടയം മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ എത്തി. ഇവിടെ എത്തിയ ഷൈനോ ഉദ്യോഗസ്ഥരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. എന്നാൽ, ആലപ്പുഴ ജില്ലയുടെ ചുമതലയിലുള്ള എ.ഐ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരുന്നത്. അതുകൊണ്ടു അവിടെ വേണം തെറ്റ് ബോധ്യപ്പെടുത്താൻ എന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ ഷൈനോയെ അറിയിച്ചു.

മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നിർദേശാനുസരണം ഷൈനോ ആലപ്പുഴ ഓഫിസിൽ ബന്ധപ്പെട്ടു. പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് അറിയിച്ച എ.ഐ ക്യാമറയുടെ ചുമതലക്കാരി ഷൈനോയുടെ പരാതി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ചെല്ലാൻ ലഭിക്കുമെന്നും ഇവർ അറിയിച്ചു. എന്നാൽ ഫൈൻ അടയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഷൈനോ.

Be the first to comment

Leave a Reply

Your email address will not be published.


*