അമ്മയ്ക്കെതിരെ മോശം പരാമർശം; കുടുംബ കോടതി ജഡ്ജിയെ വിമർശിച്ച് ഹൈക്കോടതി

കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസിൽ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയ കുടുംബ കോടതി ജഡ്ജിയെ വിമർശിച്ച് ഹൈക്കോടതി. മൂന്നരവയസ്സുള്ള മകന്റെ കസ്റ്റഡി പിതാവിനെ ഏൽപ്പിച്ച ആലപ്പുഴ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മാതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. ആനന്ദത്തിനായി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയ തന്നിഷ്ട പ്രകാരം നടക്കുന്ന അമ്മക്കൊപ്പം കഴിയുന്നത് കുട്ടിയുടെ ക്ഷേമത്തെ ബാധിക്കുമെന്നായിരുന്നു കുടുംബ കോടതിയുടെ നിരീക്ഷണം.

മറ്റൊരു പുരുഷന്റെ കൂടെ കണ്ടെന്ന പേരിൽ കുട്ടിയുടെ അമ്മ ആനന്ദത്തിനായി മറ്റൊരാളുടെ കൂടെ പോയെന്ന തരത്തിൽ കുടുംബ കോടതി നടത്തിയ പരാമർശം അനുചിതമായെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ‍‍ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.ഇത്തരം ഭാഷ ജില്ലാ ജുഡീഷ്യറിയിലെ ഉന്നത റാങ്കിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഗർഭപാത്രത്തിൽ ഒൻപത് മാസം ചുമന്ന് പ്രസവത്തിന്റെ വേദനയും സഹനവും അറിയുന്നതിനാലാണ് കുട്ടിയോടുള്ള അമ്മയുടെ കരുതലിനെ രാജ്യം ആദരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ബന്ധം മോശമായതിനെ തുടർന്നാണ് ഭർതൃഗൃഹത്തിൽ നിന്ന് പോയതെന്നായിരുന്നു ഭാര്യ കോടതിയെ അറിയിച്ചത്. എന്നാൽ, മറ്റൊരാളുടെ കൂടെ ഇവർ ഒളിച്ചോടിയതാണെന്ന് ഭർത്താവ് വാദിച്ചു. മൂത്തകുട്ടി പിതാവിനൊപ്പമാണ്.

സാഹചര്യം മൂലം പുരുഷനോ സ്ത്രീയോ മോശമായിട്ടുണ്ടാകാമെങ്കിലും അവർ കുട്ടിക്ക് മുന്നിൽ മോശക്കാരാകണമെന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കുടുംബ കോടതി ഉത്തരവ് റദ്ദാക്കി. ഒന്നിടവിട്ട ആഴ്ചകളിൽ മാതാവിനെ കുട്ടിയുടെ കസ്റ്റഡി ഏൽപ്പിക്കാനും കോടതി നിർദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*