മുദ്രാലോണിന്റെ പേരിൽ തട്ടിപ്പ്; 3.70 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാലോണിന്റെ പേരിൽ കോട്ടയത്തും തട്ടിപ്പ്. തൃശൂർ സ്വദേശിനിയായ റെയിൽവേ അറ്റൻഡറിൽ നിന്നും പ്രതി തട്ടിയെടുത്തത് 3.70 ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കോട്ടയം റെയിൽവേ പൊലീസ് അറ്സ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ആബിദി(30)നെയാണ് റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ വെയിറ്റിംങ് റൂം അസിസ്റ്റന്റായ തൃശൂർ സ്വദേശിനിയാണ് പ്രതിയുടെ തട്ടിപ്പിന് ഇരയായത്. പത്തു ലക്ഷം രൂപ മുദ്രാലോൺ തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. വായ്പയ്ക്ക് ആവശ്യമാണെന്നു തെറ്റിധരിപ്പിച്ച് പലപ്പോഴായി 3.70 ലക്ഷം രൂപ പ്രതി ഇവരിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു.

പണം തിരികെ നൽകാതെ വന്നതോടെ ജീവനക്കാരി റെയിൽവേ പൊലീസിനെ പരാതിയുമായി സമീപിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തട്ടിപ്പിന് ഇരയായവർ പരാതിയുമായി സമീപിക്കുമ്പോൾ എസ്ബിഐ തിരുന്നൽവേലി ബ്രാഞ്ചിലെ പേ ഇൻ സ്‌ലിപ്പിൽ തട്ടിപ്പിന് ഇരയായവരുടെ പേരും അക്കൗണ്ട് നമ്പരും അടിച്ച് വ്യാജ സിലും പതിപ്പിച്ച് വാട്‌സ്അപ്പിൽ അയച്ചു നൽകുകയാണ് പതിവ്.

ഇയാൾക്കെതിരെ പാലക്കാട് ജില്ലയിലടക്കം കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള തട്ടിപ്പിനു കേസുകൾ നിലവിലുണ്ട്. എസ്‌ഐ തങ്കച്ചൻ മാളിയേക്കൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീപ്, സിവിൽ പൊലീസ് ഓഫിസർ ശരത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*