ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റ് അങ്കണത്തിൽ നിർവഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ പരിപാടിയിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, അഡ്വ. ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, അഡ്വ. എം.ബി. രാജേഷ്, കെ രാധാകൃഷ്ണൻ, പി. രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ, വീണ ജോർജ്, കൃഷി ഡയറക്ടർ അഞ്ജു കെ എസ്, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ആരതി എൽ ആർ,  കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പച്ചക്കറി ഉല്പാദനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ, ദീർഘകാല പച്ചക്കറി തൈകൾ എന്നിവ സംസ്ഥാനത്തെ 1076 കൃഷിഭവനുകൾ വഴി സൗജന്യമായി നൽകും.

വിത്തിനങ്ങൾ അടങ്ങിയ 25 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്യും. 100 ലക്ഷം പച്ചക്കറി തൈകളും പദ്ധതിയിലൂടെ കൃഷിക്കാർക്ക് വിതരണം ചെയ്യും.  ദീർഘകാല പച്ചക്കറി വിളകളുടെ (മുരിങ്ങ, കറിവേപ്പ്, അഗത്തി ചീര) 2 ലക്ഷം തൈകളും ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി വിതരണം നടത്തുന്നു. വിവിധ ഇനങ്ങളടങ്ങിയ അത്യുല്പാദന ശേഷിയുള്ള സങ്കരയിനം വിത്തുകളുടെ 20 ലക്ഷം പായ്ക്കറ്റുകളും, അത്യുല്പാദന ശേഷിയുള്ള പച്ചക്കറി ഇനങ്ങളുടെ 116.66 ലക്ഷം തൈകളും വിതരണത്തിന് തയ്യാറാക്കി കഴിഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*