റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ ഘട്ടംഘട്ടമായി നിർത്തലാക്കുമെന്ന് കേന്ദ്ര സർക്കാർ. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന മന്ത്രി ജി.ആര് അനിലിന്റെ ആവശ്യവും കേന്ദ്രസർക്കാർ തള്ളി. സംസ്ഥാനത്ത് മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കായി ഓണക്കാലത്ത് 5000 കിലോലിറ്റർ മണ്ണെണ്ണ ഉടൻ അനുവദിക്കണമെന്ന് ഭക്ഷ്യ മന്ത്രി ആവശ്യപ്പെട്ടെങ്കിലും അതിനും അനൂകൂലമായ മറുപടിയല്ല കേന്ദ്രത്തിൽനിന്ന് ഉണ്ടായത്.
നിലവിൽ നൽകുന്ന പി ഡി എസ് മണ്ണെണ്ണ വിഹിതം ഒരു സംസ്ഥാനത്തിന് മാത്രമായി വർധിപ്പിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര നയം. എന്നാൽ നോൺ പി ഡി എസ് വിഹിതമായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
അതേസമയം മണ്ണെണ്ണ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പരമാവധി നിരുൽസാഹപ്പെടുത്തണമെന്നും മത്സ്യബന്ധന യാനങ്ങളിൽ സി എൻ ജി എൻജിനുകൾ ഘടിപ്പിക്കണമെന്നുമാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി ജി.ആർ. അനിലിനൊപ്പം സംസ്ഥാന സർക്കാറിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ്, പൊതുവിതരണ വകുപ്പ് കമ്മിഷണർ ഡോ ഡി സജിത് ബാബു എന്നിവരും ഉണ്ടായിരുന്നു.
Be the first to comment