കാർ​ഗിൽ യുദ്ധത്തിന്റെ ജ്വലിക്കുന്ന ഓർമ്മയിൽ രാജ്യം

കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ രാജ്യം. ഇന്ത്യന്‍ സൈന്യത്തിന്‍റെ അസാധാരണ ധീരതയുടെ അടയാളമാണ് കാർഗിൽ. ആ വിജയഭേരി മുഴക്കത്തിന് ഇന്ന് 24 വര്‍ഷം.

ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്.1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനീകരെയാണ് രാജ്യത്തിന് നഷ്ടമായത്. ഓപ്പറേഷൻ വിജയ് എന്ന് കരസേനയും ഓപ്പറേഷൻ സഫേദ് സാഗര്‍ എന്ന് വ്യോമസേനയും പേരിട്ട് വിളിച്ച ആ പോരാട്ടത്തിനൊടുവില്‍ കാര്‍ഗില്‍ മല നിരകളില്‍ ത്രിവര്‍ണ പതാക പാറി. രക്തസാക്ഷികളുടെ സ്മരണക്കായി ദില്ലിയിൽ പ്രധാനമന്ത്രിയും ദ്രാസിൽ പ്രതിരോധമന്ത്രിയും പുഷ്പചക്രം അർപ്പിക്കും.

കാര്‍ഗില്‍ സമുദ്രനിരപ്പിൽ നിന്ന് 18000 അടി വരെ ഉയരത്തില്‍ ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന അതിര്‍ത്തി പ്രദേശമാണ്. തണുപ്പ് മൈനസ് 30 മുതല്‍ 40 ഡിഗ്രി വരെ താഴുന്ന അതിശൈത്യകാലത്ത് മലമുകളിലെ സൈനിക പോസ്റ്റുകളില്‍നിന്ന് താഴ്വാരത്തേക്കിറങ്ങുകയെന്നത് ഇന്ത്യാ-പാക്ക് സൈനികര്‍ക്കിടയിലെ അലിഖിത ധാരണയാണ്. കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ 1999 ലെ മെയ് മാസത്തില്‍ പക്ഷേ പാകിസ്താന്‍ ആ ധാരണ തെറ്റിച്ചു. മഞ്ഞിനെ മറയാക്കി നിയന്ത്രണരേഖയും കടന്ന് കാർഗിൽ മലനിരകളിലെ അതിപ്രധാന സൈനിക പോസ്റ്റുകളില്‍ പാക് സൈന്യം ഇരിപ്പുറപ്പിച്ചു. Operation Badr എന്ന് പേരിട്ട ജനറല്‍ പർവേസ് മുഷറഫിന്‍റെ ഗൂഢപദ്ധതിയായിരുന്നു അത്.

കാണാതെ പോയ യാക്ക് മൃഗങ്ങളെ അന്വേഷിച്ചിറങ്ങിയ തഷി നംഗ്യാല്‍ എന്ന ഇടയനാണ് മലമുകളിലെ പാക് നുഴഞ്ഞുകയറ്റം ആദ്യമറിഞ്ഞത്. സൂചന പിന്തുടര്‍ന്ന് പട്രോളിങ്ങിറങ്ങിയ ക്യാപ്റ്റന്‍ സൌരഭ് കാലിയയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം തിരിച്ചുവന്നില്ല. അനേകായിരം അടി പൊക്കമുള്ള ചെങ്കുത്തായ മലനിരകള്‍ക്ക് മുകളില്‍ ലോകയുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും ദുര്‍ഘടമായ സൈനിക പോരാട്ടം. ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് യുദ്ധവിമാനങ്ങളും താഴ്വാരത്തുനിന്ന് കരസേനയുടെ ബോഫോഴ്സ് പീരങ്കികളും ആക്രമണത്തിന്‍റെ ആക്കം കൂടി. ആദ്യം ടോലോലിങ്, പിന്നാലെ തന്ത്രപ്രധാനമായ Point 4590 ഉം Point 5140 ഉം. ജൂലൈ 5 ന് ടൈഗര്‍ ഹില്ല് കൂടി പിടിച്ചെടുത്തതോടെ പാക് സൈന്യം പരാജയം സമ്മതിച്ചു. കരസേനയുടെ ഓപ്പറേഷന്‍ വിജയിക്കൊപ്പം വ്യോമസേനയുടെ സഫേദ് സാഗറും നാവികസേനയുടെ ഓപ്പറേഷന്‍ തല്‍വാറും സമ്പൂര്‍ണ്ണം. കാര്‍ഗില്‍ മലനിരകള്‍ക്ക് മുകളില്‍ ഇന്ത്യന്‍ പാതക വീണ്ടും ഉയര്‍ന്നു പറന്നു.

Be the first to comment

Leave a Reply

Your email address will not be published.


*