‘കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേഭാരത്’; കേന്ദ്രം ഉറപ്പുനൽകിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് സംബന്ധിച്ച് താൻ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ട്രെയിൻ നൽകാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പു നൽകി. ‌കത്ത് നൽകിയതിനെ തു‌ടർന്ന് കേന്ദ്രം അടിയന്തര നടപടി കൈകൊളളുകയായിരുന്നു.

താൻ നൽകിയ കത്തിനെ തുടർന്നാണ് നടപടിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. രണ്ടാം വന്ദേഭാരത് കേരളീയർക്കുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനമാണ്. വിഷു കൈനീട്ടമായിട്ടാണ് കേന്ദ്ര സർക്കാർ ഒന്നാം വന്ദേഭാരത് ട്രെയിൻ അനുവദിച്ചത്. ഒന്നാം വന്ദേഭാരത് എക്സ്‌പ്രസിനെ ഇരുകയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്. ഈ ട്രെയിനിലെ തിരക്കിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ അതേ റൂട്ടിൽ രണ്ടാമത്തെ വന്ദേഭാരത് അനുവദിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. തുടർന്ന് കേന്ദ്രം അടിയന്തരമായി ഈ വിഷയത്തിൽ നടപടി കൈക്കൊള്ളുകയായിരുന്നുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

കാസർകോട്, തിരുവനന്തപുരം റൂട്ടിലാകും രണ്ടാം വന്ദേഭാരത് ട്രെയിനും സർവീസ് നടത്തുക. തിരുവനന്തപുരം-കാസർകോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസ് എന്ന് റെയിൽവേ പറഞ്ഞിരുന്നു. മംഗളൂരു–തിരുവനന്തപുരം, എറണാകുളം–ബെംഗളൂരു, തിരുനെൽവേലി–ചെന്നൈ, കോയമ്പത്തൂർ–തിരുവനന്തപുരം റൂട്ടുകളിലും വന്ദേഭാരത് സർവീസ് വേണമെന്ന ആവശ്യമുയരുന്നുണ്ട്. വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂൺ അവസാനത്തോടെ വന്ദേഭാരത് നൽകിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*