കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ പുനരാരംഭിക്കണം; ലോക്സഭയിൽ തോമസ് ചാഴികാടൻ എംപി

കോട്ടയം: പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സുരക്ഷാ കാരണങ്ങളാൽ താൽകാലികമായി പ്രവർത്തനം നിർത്തിവെച്ച കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി കോട്ടയം നഗരത്തിൽ തന്നെ പുനരാരംഭിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ തോമസ് ചാഴികാടൻ എംപിയുടെ സബ്മിഷൻ.

റൂൾ 377 പ്രകാരം ഉന്നയിച്ച സബ്മിഷനിലൂടെയാണ് അദ്ദേഹം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് ഇക്കാര്യം ഉന്നയിച്ചത്. പുതിയ കെട്ടിടം കണ്ടെത്തി പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാസ്പോർട്ട് സേവാ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് അഞ്ചു മാസം മുൻപ് പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചത്. പുതിയ കെട്ടിടം കണ്ടെത്തുംവരെ അപേക്ഷകരോട് ആലപ്പുഴ, ആലുവ, തൃപ്പൂണിത്തറ എന്നീ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലേക്ക് പോകാനാണ് നിർദ്ദേശിച്ചിരുന്നത്. ആലപ്പഴയിലേക്ക് 47 കിലോമീറ്ററും ആലുവയിലേക്ക് 77 കിലോമീറ്ററും തൃപ്പൂണിത്തിയിലേക്ക് 54 കിലോമീറ്ററും ദൂരമുണ്ടെന്നും എംപി സബ്മിഷനിൽ ചൂണ്ടികാട്ടി. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*