പരിപ്പ് പാലം നിർമാണം പൂർത്തിയായി; ടാറിങ് ജോലികൾ ഉടൻ ആരംഭിക്കും

കോട്ടയം: മൂന്നരക്കോടി രൂപ മുടക്കി റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന പരിപ്പ് പാലത്തിന്റെ നിർമാണം പൂർത്തിയായി. ടാറിങ് ജോലികൾ കൂടി പൂർത്തിയാകുന്നതോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. പൂർത്തിയായ പാലം മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു.

കാലപ്പഴക്കവും വീതി കുറവും മൂലം പഴയ പാലം പൊളിച്ച പുനർനിർമിക്കുകയായിരുന്നു. 10.5 മീറ്റർ വീതി യിലും 15 മീറ്റർ നീളത്തിലുമാണ് പുതിയ പാലം പുനർനിർമിച്ചത്. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന എട്ട്റോഡുകൾ റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ 121.11 കോടി മുടക്കിയാണ് നവീകരിക്കുന്നത്. ഈ വികസന പദ്ധതികളുടെ ഭാഗമാണ് അയ്മനം-പരിപ്പ് പാലം പുനർനിർമാണം. പാലം പണി പൂർത്തിയാകുന്നതോടെ പടിഞ്ഞാറൻ പ്രദേശത്തെ പാടശേഖരങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കാനാകും.

പ്രദേശവാസികൾക്ക് മെഡിക്കൽ കോളജ് അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയും പാലം പൂർത്തിയാകുന്നതോടെ എളുപ്പമാകും. ഈ വർഷം ഫെബ്രുവരി ആദ്യമാണ് പാലം പൊളിക്കൽ നടപടികൾ ആരംഭിച്ചത്. പാലം പൊളിച്ചപ്പോഴുള്ള യാത്രാക്ലേശം ഒഴിവാക്കാൻ സമീപത്ത് അനുബന്ധ റോഡ് നിർമിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*