
കാക്കനാട്: എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികർക്കെതിരെ രൂക്ഷ വിമർശനവുമായി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ. മാർപ്പാപ്പയ്ക്കും സഭയ്ക്കുമൊപ്പമാണോ എന്ന് വിമത വൈദികരോട് ആർച്ച് ബിഷപ്പ് ചോദിച്ചു. സഭയും മാർപ്പാപ്പയും അംഗീകരിച്ച ഏകീകൃത കുർബാനയ്ക്കെതിരെ ചിലർ നിലപാടെടുത്തെന്നും വസ്തുതകൾ വിശ്വാസികളിൽ നിന്ന് മറച്ചുവയ്ക്കാൻ ശ്രമമുണ്ടായി എന്നും അദ്ദേഹം ആരോപിച്ചു.
കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ കുർബാനയ്ക്കിടെയായിരുന്നു വിമർശനം. ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക് എത്തിയപ്പോള്‍ രൂക്ഷമായ പ്രതിഷേധമാണ് ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കിയാണ് ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രവേശിപ്പിച്ചത്.
അതേസമയം സെന്റ് മേരീസ് ബസലിക്കയിൽ വൈകിട്ട് കുർബാന നടത്താൻ ഒരുങ്ങുകയാണ് ഒരു വിഭാഗം വിശ്വാസികൾ സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘർഷത്തില്‍ കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. അന്യായമായ സംഘം ചേരൽ, പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങി വിവിധ വകുപ്പുകളിൽ ആണ് കേസ്.
എകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് വത്തിക്കാനിൽ നിന്ന് ആർച്ച് ബിഷപ്പ് സിറിൽ വസിൽ എത്തിയത്. പ്രതിഷേധം സംഘർഷത്തിലേക്ക് കടന്നതോടെ ജനുവരി മുതൽ കൊച്ചി സെൻറ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്.
Be the first to comment