ഏറ്റുമാനൂർ: ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള വിഞ്ജാപനം റെയിൽവേ പുറത്തിറക്കി. ഏറ്റുമാനൂരിനെ കൂടാതെ പാലരുവി എക്സ്പ്രസിന് തെന്മലയിലും, അങ്കമാലിയിലും ഇതോടൊപ്പം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
രാവിലെ 6.45 ന് ഏറ്റുമാനൂരിൽ നിർത്തുന്ന കൊല്ലം-എറണാകുളം പാസഞ്ചർ കഴിഞ്ഞാൽ 8.45 ഓടെ എത്തുന്ന വേണാട് എക്സ്പ്രസ് മാത്രമാണ് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പുള്ളത്. വേണാട് പതിവായി വൈകി എത്തുന്നത് മൂലം എറണാകുളത്തേക്കുള്ള സ്ഥിരം യാത്രക്കാർക്ക് ഏറെ ദുരിതമായിരുന്നു. ഇതിനിടയിൽ കടന്നുപോകുന്ന പാലരുവിക്ക് സ്റ്റോപ്പ് അനുവദിച്ചാൽ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
ട്രയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൻ റെയിൽസിൻ്റെ നേതൃത്വത്തിൽ പലവട്ടം ജനപ്രതിനിധികളെയും, റെയിൽവേ അധികൃതരെയും സമീപിച്ചിരുന്നു. തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷൻ പടിക്കൽ പ്രതിഷേധ സമരവും നടത്തിയിരുന്നു. എല്ലാത്തിനുമൊടുവിലാണ് ഇപ്പോൾ ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു റെയിൽവേ ഉത്തരവിറക്കിയിരുന്നത്.
Be the first to comment