മാധ്യമപ്രവർത്തകൻ കെ എം ബഷീര്‍ കൊല്ലപ്പെടാനിടയാക്കിയ വാഹനാപകടക്കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയില്‍ തിരിച്ചടി. നരഹത്യാക്കേസ് നിലനിൽക്കില്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം സുപ്രീംകോടതി തള്ളി. നരഹത്യ കുറ്റം നിലക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നരഹത്യ കുറ്റം റദ്ദാക്കാൻതക്ക കാരണങ്ങളില്ലെന്നും, കേസിൽ ശ്രീരാം വെങ്കിട്ടരാമൻ വിചാരണ നേരിടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വേഗത്തിൽ വാഹനമോടിച്ചുണ്ടാകുന്ന അപകടം നരഹത്യയാകില്ലെന്ന ശ്രീറാമിന്റെ വാദം കോടതി തളളി.
നരഹത്യാക്കുറ്റം ചുമത്താനുള്ള വസ്തുതകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയെ സമീപിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവുകളില്ല, രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള സാംപിൾ എടുത്തിട്ടില്ല. അതുമായി ബന്ധപ്പെട്ട പരിശോധനകളിലെല്ലാം നിരപരാധിയാണ് തുടങ്ങിയ വാദങ്ങളാണ് ശ്രീറാം ഉന്നയിച്ചത്. എന്നാൽ സാഹചര്യത്തെളിവ്, സാക്ഷി മൊഴികൾ എന്നിവ പരിഗണിച്ചാണ് ഹൈക്കോടതി നരഹത്യ കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഇത് റദ്ദാക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ല.
ശ്രീറാമിന്റെ എല്ലാ അഭിപ്രായങ്ങളും വിചാരണ കോടതിയെ അറിയിക്കാം. ഇതുമായി ബന്ധപ്പെട്ട തെളിവുകളും നൽകാം. വിചാരണ വേളയിൽ ഇക്കാര്യങ്ങൾ പരിശോധിച്ച് തെളിവുകൾ നിലനിൽക്കുമോ ഇല്ലയോ എന്ന് വിചാരണക്കോടതിക്ക് തീരുമാനം എടുക്കാം. എന്നാൽ വിഷയത്തിൽ സുപ്രീം കോടതിയുടെ പരാമർശങ്ങൾ ഒന്നും തന്നെ വിചാരണ ഘട്ടത്തിൽ കോടതിയെ ബാധിക്കരുതെന്നും സുപ്രീം കോടതി നിർദേശം നൽകി.
Be the first to comment