അതിരമ്പുഴ: പരീക്ഷാഭവനിൽ നിന്നും ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ വിവരം റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സർവകലാശാല അധികാരികളുടെ തീരുമാനം അങ്ങേയറ്റം അപഹാസ്യകരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അനീതിപരമായ സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എംപ്ലോയീസ് യൂണിയൻ സർവകലാശാലയിൽ നടത്തുന്ന റിലേ സത്യഗ്രഹത്തിന്റെ അഞ്ചാം ദിവസം സമരവേദിയിൽ എത്തി അഭിവാദ്യങ്ങളർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ മോഷണം പോയത് സർവകലാശാല സംവിധാനത്തിന്റെ വീഴ്ചയാണ്. കോൺഫിഡൻഷ്യൽ സെക്ഷനുകളിൽ പോലും യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. സർട്ടിഫിക്കേറ്റ് ഫോർമാറ്റുകൾ മോഷണം പോയ കേസിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതും കൂട്ടി വായിക്കേണ്ടതുണ്ട്. എംപ്ലോയീസ് യൂണിയൻ അംഗങ്ങളായ ഉദ്യോഗസ്ഥരുടെ സത്യസന്ധതയും ആത്മാർത്ഥതയും കൊണ്ട് മാത്രമാണ് വലിയൊരു സർട്ടിഫിക്കേറ്റ് തട്ടിപ്പിനുള്ള പ്ലാൻ പൊലിഞ്ഞത്.
സെബാസ്റ്റ്യൻ ജോർജ്, ബിബിൻ കെ. അലക്സ്, ജോബിൻ ജോസഫ്, അജിൻ സുഗതൻ, നിർമ്മൽ ജോർജ്, ജെയ്സൺ ജോസ്, ബിനു തോമസ്, ചന്ദ്രിക എ, അനീഷ ഇ ബി, സജികല വി. എന്നിവർ സത്യാഗ്രഹമനുഷ്ഠിച്ചു. എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു, വൈസ് പ്രസിഡന്റ് മേബിൾ എൻ എസ്, എഫ് യു ഇ ഒ സംസ്ഥാന ജനറൽ സെക്രട്ടറി എൻ മഹേഷ്, എന്നിവർ പ്രസംഗിച്ചു.
Be the first to comment