ഫ്ലോറിഡ: ഇഡാലിയ ചുഴലിക്കാറ്റ് ഇന്ന് കരതൊടാനിരിക്കെ ഫ്ലോറിഡ ആശങ്കയില്‍. വെള്ളപ്പൊക്കത്തിനും നാശനഷ്ടത്തിനും സാധ്യതയുള്ളതിനാല്‍ ഫ്ലോറിഡ ഭരണകൂടം ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. 30000 ദുരന്ത നിവാരണ സംഘാംഗങ്ങളെയാണ് ഫ്ലോറിഡയിൽ വിന്യസിച്ചിരിക്കുന്നത്.
ഇഡാലിയ ചുഴലിക്കാറ്റ് ഇപ്പോൾ കാറ്റഗറി 2 വിഭാഗത്തിലാണുള്ളത്. കരയിലേക്ക് ആഞ്ഞടിക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്‍റെ ശക്തി കൂടുമെന്ന് മിയാമി ആസ്ഥാനമായുള്ള നാഷണല്‍ ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി. കൊടുങ്കാറ്റ് അത്യന്തം അപകടകരമായ കാറ്റഗറി 4 തീവ്രതയിൽ എത്തുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി.
ഇഡാലിയ ഫ്ലോറിഡയിൽ നിലം തൊട്ടാൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകും. ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഫ്ലോറിഡയിലെ 67 കൗണ്ടികളിൽ 28 ഇടങ്ങളിലുള്ളവരെയാണ് ഒഴിപ്പിച്ചത്. പ്രധാനമായും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്‍റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Be the first to comment