സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സിനിമനയം; പ്രത്യേക ഇളവുകളും പരി​ഗണനയിൽ

സിനിമ രം​ഗത്ത് നിക്ഷേപം നടത്തുന്നവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കരടു സിനിമനയം തയ്യാറാകുന്നു. സിനിമയെ സമ്പൂർണ വ്യവസായമായി കണ്ട് നിക്ഷേപം നടത്തുന്നവർക്ക് സഹായം നൽകുന്നതിനും സിനിമ മേഖലയിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ സാധ്യമാക്കുന്നതിനും സൗഹാർദപരമായ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനുമായി കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനും തീരുമാനമാകും.

തെക്കെ ഇന്ത്യയിലെ പ്രധാന ഷൂട്ടിങ് ലൊക്കേഷനായി കേരളത്തെ മാറ്റാനും ഇതുവഴി സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ കൊണ്ടുവരാനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സിനിമ നിർമ്മാണ മേഖലയ്ക്കുള്ള സഹായ പദ്ധതികളിലും വൻ അഴിച്ചുപണി പ്രതീക്ഷിക്കുന്നു. ചിത്രീകരണവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ചെലവാക്കുന്ന പണം സംസ്ഥാനത്തിന് എത്രമാത്രം ​ഗുണമുണ്ടാക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി, ചലച്ചിത്ര പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും കമ്പനികൾക്കും പ്രത്യേക ഇളവുകളും റിബേറ്റുകളും നൽകുന്ന രീതി മറ്റ് സസ്ഥാനങ്ങളിലുണ്ട്. ഈ മാതൃകയും സംസ്ഥാന സർക്കാരിന്റെ പരി​ഗണനയിലുണ്ട്.

ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടുന്ന സിനിമകൾക്കും അണിയറപ്രവർത്തകർക്കും സാമ്പത്തിക സഹായവും സബ്സിഡിയും വർധിപ്പിക്കും. നിയന്ത്രിത ഇടങ്ങളിൽ ചിത്രീകരണം നടത്തുന്നതിന് വിവിധ ഓഫീസുകളെയും ഉദ്യോ​ഗസ്ഥരെയും സമീപിക്കുന്ന രീതി മാറ്റി ഒറ്റ കേന്ദ്രമാക്കാനുള്ള സംവിധാനവും കൊണ്ടുവരും. ഷൂട്ടിങ്ങിനായി ടൂറിസം സർക്യൂട്ടുകളും സർക്കാർ മന്ദിരങ്ങളും നൽകുന്നതിനായുള്ള സംവിധാനവും പ്രത്യേക ഇളവുകളും ഉണ്ടാകും.

 

Be the first to comment

Leave a Reply

Your email address will not be published.


*