എറണാകുളം മെഡിക്കൽ കോളജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ ആശുപത്രി ഉപകണങ്ങൾക്കും സാമഗ്രികൾക്കുമായി 8.14 കോടി രൂപയും വാർഷിക അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി 1.86 കോടി രൂപയുമാണ് അനുവദിച്ചത്. ഇതിലൂടെ എറണാകുളം മെഡിക്കൽ കോളജിൽ കൂടുതൽ വികസനം സാധ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളജിൽ ആദ്യമായി പൾമണോളജി വിഭാഗത്തിൽ 1.10 കോടിയുടെ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), കാർഡിയോളജി വിഭാഗത്തിൽ 1.20 കോടിയുടെ കാർഡിയാക് ഒസിടി വിത്ത് എഫ്എഫ്ആർ, റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ 42 ലക്ഷം രൂപയുടെ അൾട്രാസൗണ്ട് മെഷീൻ വിത്ത് കളർ ഡോപ്ലർ 3ഡി/4ഡി ഹൈ എൻഡ് മോഡൽ, ഇഎൻടി വിഭാഗത്തിൽ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, അനസ്തേഷ്യ വിഭാഗത്തിൽ ഡിഫിബ്രിലേറ്റർ, അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, മെഡിസിൻ വിഭാഗത്തിൽ 2 ഡിഫിബ്രിലേറ്റർ, സർജറി വിഭാഗത്തിൽ ലാപറോസ്‌കോപിക് ഇൻസുഫ്ളേറ്റർ, വിവിധ വിഭാഗങ്ങളിലെ കെമിക്കലുകൾ, ഗ്ലാസ് വെയർ, എക്സ്റേ, സി.ടി., എം.ആർ.ഐ. ഫിലിം, മെഡിക്കൽ ഗ്യാസ്, ബ്ലഡ് ബാഗ് തുടങ്ങിയവ സജ്ജമാക്കാൻ തുകയനുവദിച്ചു.
അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലും പത്തോളജി ബ്ലോക്കിലും എൻ.എം.സി. മാർഗനിർദേശമനുസരിച്ചുള്ള സിസിടിവി സിസ്റ്റം, അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലും ഹോസ്പിറ്റൽ ബ്ലോക്കിലും ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം, ഒഫ്ത്താൽമോളജി വിഭാഗത്തിൽ മോട്ടോറൈസ്ഡ് ഒ.ടി. ടേബിൾ, ഇഎൻടി വിഭാഗത്തിൽ മാനിക്വിൻസ്, ഹിസ്റ്റോപത്തോളജി വിഭാഗത്തിൽ മോണോക്യുലർ മൈക്രോസ്‌കോപ്പ്, മൈക്രോബയോളജി വിഭാഗത്തിൽ ഇൻക്യുബേറ്റർ ലാർജ് തുടങ്ങിയ വിവിധ ആശുപത്രി സാമഗ്രികൾക്കും തുകയനുവദിച്ചു. കൂടാതെ സിവിൽ, ഇലട്രിക്കൽ വാർഷിക മെയിന്റനൻസ്, കാർഡിയോളജി ബ്ലോക്കിലെ നവീകരണം എന്നിവയ്ക്കായും തുകയനുവദിച്ചിട്ടുണ്ട്.
Be the first to comment