മറയൂര്‍ ചന്ദന ലേലത്തില്‍ 37 കോടിയുടെ വില്‍പ്പന, ഏറ്റവും കൂടുതല്‍ ചന്ദനം വാങ്ങിയത് കര്‍ണാടക സോപ്‌സ്

ഇടുക്കി: മറയൂര്‍ ചന്ദന ലേലത്തില്‍ 37 കോടി 22 ലക്ഷം രൂപയുടെ വില്‍പ്പന. ഒന്‍പത് സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു. കര്‍ണാടക സോപ്‌സാണ് ഏറ്റവും അധികം ചന്ദനം വാങ്ങിയത്. 25.99 ടണ്‍ ചന്ദനമാണ് കര്‍ണാടക സോപ്‌സ് വാങ്ങിയത്.

ഈ വര്‍ഷത്തെ രണ്ടാം മറയൂര്‍ ചന്ദന ലേലം രണ്ട് ദിവസങ്ങളിലായി നാല് ഘട്ടമായാണ് നടത്തിയത്. 15 ക്ലാസുകളിലായി 169 ലോട്ടുകളില്‍ 68.632 ടണ്‍ ചന്ദനം ഇത്തവണ ലേലത്തില്‍ വെച്ചു. ഇതില്‍ 30467.25 കിലോഗ്രാം ചന്ദനം വിറ്റു. ആദ്യ ദിവസം 28.96 കോടി രൂപയുടെയും രണ്ടാം ദിനം 8.26 കോടി രൂപയുടെയും വില്‍പ്പനയാണ് നടന്നത്. 

മാര്‍ച്ചില്‍ നടന്ന ആദ്യ ഘട്ട ലേലത്തില്‍ 31 കോടി രൂപയുടെ ചന്ദനം വിറ്റുപോയിരുന്നു.  ഇത്തവണ ഓണ്‍ലൈന്‍ ലേലത്തില്‍ കര്‍ണാടക സോപ്‌സ്, ഔഷധി, ജയ്പൂര്‍ സിഎംടി ആര്‍ട്‌സ് ഇന്ത്യാ ലിമിറ്റഡ്, ജയ്പൂര്‍ ക്ലൗഡ്, കെഫ്ഡിസി,  കൊച്ചിന്‍ ദേവസ്വം, തിരുനാവായ് ക്ഷേത്രം, കളരിക്കല്‍ ഭഗവതി ദേവസ്വം, വൈക്കം നെടുംപറമ്പില്‍ ശ്രീ ദുര്‍ഗാദേവി ക്ഷേത്രം ദേവസ്വം എന്നീ സ്ഥാപനങ്ങള്‍ പങ്കെടുത്തു. 

ചെറിയ സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമായി ചെറിയ അളവുകളിലെ ലോട്ടുകള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ ലേലം നടത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*