ഏറ്റവും കൂടുതലാളുകൾക്ക് സൗജന്യ ചികിത്സ; കേരളത്തിന് കേന്ദ്ര പുരസ്കാരം

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ‘ആരോഗ്യ മന്ഥന്‍ 2023’ പുരസ്‌കാരം കേരളത്തിന്.

സംസ്ഥാനത്തിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴാണ് കേരളവും അംഗീകരിക്കപ്പെട്ടത്.

എബിപിഎംജെഎവൈ പദ്ധതി മുഖാന്തിരം രാജ്യത്ത് ‘ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതര്‍ക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങള്‍ക്ക് ‘മികവുറ്റ പ്രവര്‍ത്തനങ്ങള്‍’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍. ഇതില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം എന്ന വിഭാഗത്തില്‍ തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സാമ്പത്തിക പരിമിതികള്‍ക്കിടയിലും പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരമെന്നും മന്ത്രി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*