സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരിന്നു അന്ത്യം. 2009 മുതൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായിരിക്കെയാണ് വിയോഗം.

22 ഏപ്രിൽ 1937 ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ നാരായണിയുടെയും വി.കൃഷ്ണന്‍റെയും മകനായി ജനിച്ചു.

1954ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്ക് ആനന്ദന് രാഷ്ട്രീയത്തിലേക്കും സാമൂഹിക പ്രവർത്തനത്തിലേക്കുമുള്ള ആദ്യ പടിയായി. വർക്കല വിളഭാഗം കേന്ദ്രീകരിച്ച് 1950 ൽ രൂപപ്പെട്ട ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ എന്ന തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് ഈ സമരം നടന്നത്. 1958ൽ സമരം ഫലപ്രാപ്തിയിലെത്തി. ഈ സമരത്തിനായി റെയിൽവേയിൽ ടിക്കറ്റ് എക്സാമിനർ ആയി ലഭിച്ച ജോലി അദ്ദേഹം വേണ്ടെന്ന് വച്ചു. ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, മറ്റു പ്രാദേശിക യൂണിയനുകളുടെ ഭാരവാഹി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചു. 1956ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗം ആയി.

1971ൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, കേരള കയർ വർക്കേഴ്സ് സെന്റർ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 1972ൽ കേരള കയർ വർക്കേഴ്സ് സെന്റർ സെക്രട്ടറി ആയി. 1987 ,1996, 2001 വർഷങ്ങളിൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*