ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിൽ സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്‍റെ നിർമ്മാണം സീസൺ തുടങ്ങും മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ്. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനും, പതിനെട്ടാംപടിയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് മേൽക്കൂര ഒരുക്കുന്നത്. ആവശ്യമുള്ളപ്പോൾ മേൽക്കൂരയായും അല്ലാത്തപ്പോൾ ഇരുവശങ്ങളിലേക്ക് മടക്കിവെയ്ക്കാവുന്ന രീതിയിലുമാണ് ഫോൾഡിംഗ് റൂഫ് സ്ഥാപിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പടിപൂജ, മഴ സമയത്ത് ടാർപ്പോളിൻ കെട്ടിയാണ് നടത്തുന്നത്. പുതിയ മേൽക്കൂര വന്നാൽ പൂജകൾ സംഗമമായി നടത്താം.
മാത്രമല്ല, സ്വർണ്ണം പൂശിയ പടിനെട്ടാംപടിയുടെ സംരക്ഷണവും ഉറപ്പാക്കാം. കൊത്തുപണിയോട് കൂടിയ കൽത്തൂണുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇനി മേൽക്കൂരയ്ക്ക് വേണ്ട ഗ്ലാസിന്‍റെ നിർമ്മാണമാണ് ബാക്കിയുള്ളത്. കഴിഞ്ഞ സീസണ് മുൻപ് തുടങ്ങിയ ജോലികൾ ഇടയ്ക്ക് നിലച്ചുപോയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി വഴിപാടായാണ് ഫോൾഡിംഗ് റൂഫ് നിർമിക്കുന്നത്. മുൻപ് പതിനെട്ടാംപടിക്ക് മുകളിൽ കണ്ണാടി മേൽക്കൂര സ്ഥാപിച്ചെങ്കിലും ദേവപ്രശ്നത്തിൽ സൂര്യപ്രകാശം കൊടിമരത്തിൽ നേരിട്ട് പതിക്കുന്നില്ലെന്ന് കണ്ടതോടെ പൊളിച്ചുമാറ്റുകയായിരുന്നു.
Be the first to comment